ബാലലൈംഗികത വിറ്റു കാശാക്കുന്നവർ

കുട്ടികളെക്കൊണ്ട് ലൈംഗിക കൃത്യങ്ങൾ ചെയ്യിപ്പിക്കുകയും, ആ ലൈംഗിക
ചേഷ്ടകൾ ചിത്രീകരിച്ച് ഇന്റർനെറ്റിലും വാട്സാപ്പുകളിലും രഹസ്യമായി
വിറ്റുകാശാക്കുകയും ചെയ്യുന്ന രാജ്യാന്തര ലോബി ലോകത്ത് നേരത്തെ
തന്നെയുണ്ട്.ഭാരതത്തിൽ അന്യ സംസ്ഥാനങ്ങളിൽ ബാല ലൈംഗികത വിൽക്കുന്ന സംഘത്തിന്റെ പ്രവർത്തനത്തിന് അതാതു സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ഇനിയും തടയിടാൻ കഴിഞ്ഞിട്ടില്ല.


ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന്
കേരളത്തിൽ ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികളുടെ കൈകളിൽ ഇത്തരം ബാല ലൈംഗികത ഇന്നും സുലഭമാണ്.
കൗമാരത്തിലേക്ക് കടക്കുന്ന ആൺ-പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി
ഭീഷണിപ്പെടുത്തി, രഹസ്യ സങ്കേതങ്ങളിൽ തടവിൽ പാർപ്പിച്ച്
മെരുക്കിയെടുത്തശേഷം രഹസ്യ മുറികളിലിട്ട് ലൈംഗിക ബന്ധത്തിന്
നിർബന്ധിക്കുകയും, അത്തരം രംഗങ്ങൾ ചിത്രീകരിച്ച് ലോകവിപണിയിൽ
മാർക്കറ്റ് കണ്ടെത്തുകയും ചെയ്യുന്ന വൻ സംഘം ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിലുണ്ട്. ഇതിന് പുറമെ ഇന്റർനെറ്റിൽ വിദേശ കുട്ടികളുടെ ലൈംഗിക ചേഷ്ടകൾ വേറെയുമുണ്ട്.


ഇന്ത്യൻ ബാല ലൈംഗികതയേക്കാൾ വിദേശ ബാല ലൈംഗികതയ്ക്കാണ് ഇന്ത്യയിൽ
മാർക്കറ്റ് ഏറെയുള്ളത്. ഇന്റർനെറ്റിൽ നിന്ന് ഇത്തരം ബാല ലൈംഗികതയും,
പുറമെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും, പെൺകുട്ടികളെയും
പ്രായപൂർത്തിയായവർ ലൈംഗികമായി ഉപയോഗിക്കുന്ന രംഗങ്ങളും മറ്റും പകർത്തി
ആവശ്യക്കാർക്ക് വിറ്റഴിക്കുന്ന ഒരു വിഭാഗം അടുത്ത നാളിലാണ് മലയാള മണ്ണിൽ
തഴച്ചു വളർന്നത്.


കേരളത്തിലെ സിനിമാ ശാലകളിൽ നീലച്ചിത്രങ്ങൾ പ്രദർശിപ്പിച്ച് പണം വാരിയ
കൊട്ടക ഉടമകളെ കേരളം നേരിട്ടു കണ്ടതാണ്.
നീല സിനിമകൾക്കെതിരെ പോലീസ് നടപടി കർശ്ശനമാക്കിയപ്പോൾ, മലയാളം, തമിഴ്
ഫീച്ചർ സിനിമകൾക്കിടയിൽ കുത്തിക്കയറ്റി ഒരു വിഭാഗം കാണികളെ ആകർഷിച്ച്
കൈയ്യടി വാങ്ങിയ സിനിമാ ശാലകളും പത്തുവർഷം മുമ്പ് വരെ ഗ്രാമങ്ങളിൽ
മാത്രമല്ല, പട്ടണങ്ങളിലും മലയാളികൾ കണ്ടതാണ്.


സെല്ലുലോയ്ഡ് ഫിലിമുകളിൽ ചിത്രീകരിച്ച സിനിമാ റീലുകൾ തിയേറ്ററിലെ
പ്രൊജക്ടറുകളിലിട്ട് പ്രദർശിപ്പിച്ചിരുന്ന കാലം മാറി, സിനിമ ഡിജിറ്റൽ
പ്ലാറ്റ്ഫോമിലേയ്ക്ക് മാറിയതോടെയാണ്, അങ്ങ് മദിരാശിയിൽ നിന്ന്
പെട്ടികളിൽ രഹസ്യമായി കേരള കൊട്ടകകളിൽ എത്തിച്ചിരുന്ന ബ്ലൂ ബിറ്റുകൾക്ക്
ഏറെക്കുറെ അറുതി വന്നത്.


ഉച്ചപ്പടം കാണാൻ അന്ന് സിനിമാശാലകളിലെത്തിയിരുന്നത് ലൈംഗികത
ആസ്വദിക്കാൻ മാത്രം പെറ്റുവീണ ചുരുക്കം ഞരമ്പുരോഗികളായിരുന്നു.
ഇന്ന് കാലം ഏറെ മാറിയപ്പോൾ കുട്ടികളുടെ ലൈംഗികതയിലാണ് ഇക്കൂട്ടർ
സംതൃപ്തി അടയുന്നത്. ഇന്റർനെറ്റില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും
മാറിയ ഈ കാലത്ത് വിരളമാണ്.
കൈക്കുമ്പിളിൽ നിൽക്കുന്ന ആധുനിക ലോകത്തിൽ മറയില്ലാതെ തുറന്നു
കിടക്കുന്ന നല്ലതും, ചീത്തയുമായ കാഴ്ചകൾ മുതലെടുക്കുന്ന മനോരോഗികളുടെ
കൈകളിൽ വിലങ്ങു വെക്കാനുള്ള കേരള ആഭ്യന്തര വകുപ്പിന്റെ നീക്കം
ശ്ലാഘനീയമാണ്.

LatestDaily

Read Previous

ഭാരവാഹിപ്പടയ്ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം

Read Next

മടിക്കൈയിൽ ജാതിക്കാർഡ് പാർട്ടി നേതൃത്വം വീർപ്പുമുട്ടുന്നു