എസ്ബിഐ ഹൊസ്ദുർഗ് ശാഖയിൽ സാധാരണ ബാങ്കിംഗ് സേവനങ്ങൾ നിർത്തി

കാഞ്ഞങ്ങാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച എസ്ബിടി (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) ശാഖയായ ഹൊസ്ദുർഗ് എസ്ബിഐ ശാഖയിൽ സാധാരണ ബാങ്കിംഗ് ഇടപാടുകൾ നിർത്തിവെച്ചു.

ഈ ശാഖയിലുണ്ടായ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പുതിയകോട്ടയിലെ മെയിൻ ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
മാറ്റിയ വിവരമറിയാതെ ബാങ്കിലെത്തിയ സാധാരണ ഇടപാടുകാരോട് മെയിൻ ബ്രാഞ്ചിലേക്ക് പോകാനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
മെയിൻ ശാഖയിലെത്തിയാൽ സാധാരണ ബാങ്കിംഗ് ഇടപാടുകൾ നടത്തണമെങ്കിൽ ടോക്കണെടുത്ത് രണ്ട് മണിക്കൂർ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
പഴയ എസ്ബിഐ ശാഖയിലുണ്ടായിരുന്ന ഇടപാടുകാർക്ക് അവിടെ നിന്ന് അഞ്ച് മിനിറ്റുകൊണ്ട് നൽകിയിരുന്ന സേവനത്തിനാണ് എസ്ബിഐ മെയിൻ ശാഖയിൽ ഇപ്പോൾ രണ്ട് മണിക്കൂറെടുക്കുന്നത്.

ടോക്കണെടുത്താൽ ബാങ്കിന്റെ മുന്നിൽക്കെട്ടിയ താൽക്കാലിക പന്തലിൽ ഇരിക്കണം. അവിടെ നിന്ന് സെക്യൂരിറ്റി വിഭാഗത്തിൽപ്പെട്ട ജീവനക്കാർ നമ്പർ നോക്കി വിളിക്കുമ്പോഴേയ്ക്കും രണ്ട് മണിക്കൂറോ അതിലധികമോ സമയമെടുത്തിരിക്കും. ബാങ്കിനകത്തെത്തിയാൽ അഞ്ച് മിനിറ്റ് മാത്രമെടുക്കുന്ന ഇടപാടിനാണ് ഇടപാടുകാർ രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടത്.

ആവശ്യമായ സംവിധാനമില്ലാതെ അക്കൗണ്ടുകൾ മുഴുവൻ എസ്ബിഐയുടെ മെയിൻ ബ്രാഞ്ചിലേക്ക് മാറ്റിയപ്പോൾ, നേരത്തെ എസ്ബിഐയിൽ എത്തിക്കൊണ്ടിരിക്കുന്ന ഇടപാടുകാരും ബുദ്ധിമുട്ടുകയാണ്.
ബാങ്കിലെത്തി പണമടക്കാനും രണ്ട് മണിക്കൂർ കാത്തിരിക്കേണ്ട സാഹചര്യം മുതിർന്ന പൗരൻമാർക്കുൾപ്പെടെ കടുത്ത പീഡനമാണ് അനുഭവപ്പെടുന്നത്.
നേരത്തെയുണ്ടായിരുന്ന എസ്ബിഐ ശാഖ കാഞ്ഞങ്ങാട് ശാഖ എന്ന് പുനർനാമകരണം ചെയ്താണ് ഇപ്പോൾ എസ്ബിഐ ശാഖയായി പുതിയകോട്ട സ്മൃതിമണ്ഡപത്തിന് സമീപം പ്രവർത്തിക്കുന്നത്.

ഇവിടെ ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ നേരത്തെയുണ്ടായിരുന്ന സാധാരണ ഇടപാടുകളെല്ലാം എസ്ബിഐ മുഖ്യ ശാഖയിലേക്ക് മാറ്റിയാണ് വ്യവസായ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബാങ്കാക്കി മാറ്റിയത്.

LatestDaily

Read Previous

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: കമ്പനി എംഡിക്കെതിരെ മലപ്പുറത്ത് കേസ്

Read Next

കരാറുകാരൻ മുങ്ങി; നാലരക്കോടിയുടെ 4 നില ഒപി കെട്ടിടം അനിശ്ചിതത്വത്തിൽ