ഗവർണർ ഒപ്പിടാതെ അസാധുവായത് 11 ഓര്‍ഡിനന്‍സുകള്‍

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായി. ഇന്നലെ രാത്രി 12 മണിവരെയാണ് ഓർഡിനൻസുകളുടെ സാധുത ഉണ്ടായിരുന്നത്. ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി ഗവർണറെ അറിയിച്ചു. അതേസമയം, ഓർഡിനൻസുകൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ ആയിരിക്കും ഇനി നിലനില്‍ക്കുക.
അഴിമതിയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അധികാരത്തിൽ തുടരാൻ പൊതുപ്രവർത്തകർക്ക് അർഹതയില്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയാനുള്ള ഓർഡിനൻസ് ആണ് ഇപ്പോൾ അസാധുവായത്.ലോകായുക്ത വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഭേദഗതിയായിരുന്നു വരുത്തിയത്.
ഓർഡിനൻസിന്‍റെ കാലാവധി കഴിഞ്ഞതോടെ ലോകായുക്തയ്ക്ക് അധികാരം പുനസ്ഥാപിച്ച് നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. രാത്രി വൈകിയും ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

Read Previous

മോൻസനുമായി ബന്ധം; ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്പെൻഷൻ നീട്ടി

Read Next

മൂന്ന് ദിവസം അവധി? ഇന്ത്യയിൽ പുതിയ തൊഴിൽ നിയമ ഭേദഗതി വരുന്നു