കാത്തിരുന്നത് 10 വർഷം, ബേക്കൽ ഷോ തെളിയും

കാസർകോട് :  ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ വിഡിയോ കോൺഫറൻസ് വഴി  ഉദ്ഘാടനം ചെയ്തുവെങ്കിലും പൊതു ജനങ്ങൾക്കു പ്രദർശനം കാണാൻ കോവിഡ് നിയന്ത്രണം പൂർണമായും മാറണം.

നിലവിലുള്ള സാഹചര്യത്തിൽ 5- ൽ അധികം പേർക്കു കൂട്ടം കൂടാൻ അനുമതി ഇല്ലാത്തതിനാൽ നാലു മാസമെങ്കിലും കഴിയണം ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങാൻ  എന്നതാണ് നില.

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ  സംസ്ഥാന ടൂറിസം വകുപ്പാണ് 4 കോടി രൂപ ചെലവിട്ട് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയത്. കംപ്യൂട്ടർ അധിഷ്ഠിത ലേസർ രശ്മികളുടെയും ഓഡിയോ വിഡിയോ സജ്ജീകരണങ്ങളുടെയും സഹായത്തോടെ കോട്ട കൊത്തളങ്ങൾ, കോട്ടയിലുള്ള വൃക്ഷങ്ങൾ എന്നിവയെ കഥാപാത്രങ്ങളാക്കി മാറ്റിയാണ് സന്ധ്യാ നേരത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങുക.

സൂര്യാസ്തമയത്തിനു ശേഷം കോട്ടയിൽ എത്തുന്ന സഞ്ചാരികൾക്കു മുന്നിൽ കഴിഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ജീവിത രീതികളും ആണ് 50 മിനിറ്റ് വീതം ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി അവതരിപ്പിക്കുന്നത്. ഫ്രഞ്ച് സാങ്കേതിക സംവിധാനമായ സോൺ എറ്റ് ലുമിയർ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ ഷോ ആണ് ഇതെന്ന് അധികൃതർ പറയുന്നു.

ചരിത്രകാരന്മാരായ ഡോ.സി.ബാലൻ, ഡോ. ശിവദാസൻ എന്നിവരുടേതാണ് രചന. ബാഹുബലി അടക്കമുള്ള തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് വിജേന്ദ്ര പ്രസാദിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ഇത് കലാ സംവിധാനത്തിലേക്ക് മാറ്റിയത്.

സിനിമാതാരം ജയറാം, ഭാഗ്യലക്ഷ്മി എന്നിവർ പശ്ചാത്തല ശബ്ദവും മാത്യൂസ് പുളിക്കൻ സംഗീതവും നൽകി.  സോമനാഥ ക്ഷേത്രം, സെല്ലുലാർ ജയിൽ എന്നിവയുടെ ഷോ അണിയറക്കാരായ വീനു പസ്രിച, ഗൗതം ഭട്ടാചാര്യ എന്നിവർ ആണ് വെളിച്ചവും വേദി സജ്ജീകരണവും ഒരുക്കിയത്. ചിന്തു കുര്യൻ, നോബിൻ കുര്യൻ എന്നിവർ കലാ സംവിധാനം നിർവഹിക്കുന്നു.

സന്ദർശകർ 6 മണിക്കു മുൻപ് കോട്ടയിൽ നിന്നു പുറത്തു കടക്കണം എന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ  ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങുന്നതോടെ സൂര്യാസ്തമയം എത്തും മുൻപ് സന്ദർശകർ കോട്ടയിൽ നിന്നു പുറത്തു കടക്കേണ്ട സ്ഥിതി ഒഴിവാകും. 

ഒന്നര മണിക്കൂർ നീളുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങിയാൽ രാത്രി 9 വരെയെങ്കിലും കോട്ട സജീവമാകും . കോട്ട സന്ദർശനത്തിന് എന്ന പോലെ തന്നെ ഷോ കാണാനും പ്രത്യേക നിരക്ക് ഈടാക്കും.

കോട്ട സന്ദർശനത്തിനു 6 മണി വരെ മാത്രമാണ് അനുമതി. ഷോ തുടങ്ങിയാൽ ഷോ കാണുന്നതിനു മാത്രമായിരിക്കും പ്രവേശനം.  മറ്റിടങ്ങളിൽ സന്ദർശനം അനുവദിക്കില്ല.

ആനന്ദ് സിങ് കലക്ടറും പി.മുരളീധരൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയും ആയിരിക്കെ 2010ൽ ആണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന ആശയത്തിനു രൂപം നൽകിയത്. തുടർന്നു സമർപ്പിച്ച പദ്ധതി പല കടമ്പകൾ കടന്നാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി നേടിയത്. കലക്ടർ ഡി.സജിത് ബാബു, ഡിടിപിസി സെക്രട്ടറി ബിജു രാഘവൻ തുടങ്ങിയവരുടെ നിരന്തര ശ്രമമാണ് ഇപ്പോൾ യാഥാർഥ്യമായത്. 

ഉത്തര കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങുന്നത് ജില്ലയ്ക്ക് വൻ നേട്ടമാകും. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്നവർക്കും ജലയാത്ര നടത്തുന്നവർക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്കും ഒത്തു കൂടാൻ ഇത് വേദിയാകും. 

ഉത്സവ പ്രതീതി സമ്മാനിക്കും പ്രദർശന കാഴ്ചകൾ.  ഒരേ സമയം 100 പേർക്കു കാണാനുള്ള സൗകര്യമാണ് ഒരുക്കുക. ടിക്കറ്റ് നിരക്കു പിന്നീട് തീരുമാനിക്കും. ‌

ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഒൗപചാരിക ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

കെ.കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബാലകിരൺ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ എൻ.എസ്. ബേബി ഷീജ, കലക്ടർ ഡി.സജിത് ബാബു, ആർക്കിയോളജിൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ,പി.മോഹൻദാസ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, പഞ്ചായത്തംഗം ആയിശ, ഡിടിപിസി സെക്രട്ടറി ബിജു രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.

LatestDaily

Read Previous

ഇരുവൃക്കകളും തകരാറിലായ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു

Read Next

പോരാട്ടങ്ങൾക്ക് നൂറ് വയസ്സ്