വീടുകളിൽ വ്രതവിശുദ്ധിയുടെ സുഗന്ധംപള്ളികൾ അടഞ്ഞു; സമൂഹ നോമ്പ് തുറകളില്ല

കാഞ്ഞങ്ങാട്: അസാധാരണ സാഹചര്യത്തിൽ വന്നെത്തിയ ഇത്തവണത്തെ വിശുദ്ധ റമദാൻ സുഗന്ധം പരത്തി ആദ്യ ആഴ്ച പിന്നിടുകയാണ്. ധർമ്മവും നന്മയും കർമ്മവും കരുണയും സ്നേഹ സാഹോദര്യവും സമൂഹത്തിൽ വ്യാപിപ്പിക്കാൻ വിശുദ്ധ റമദാന് സമാനമായ മറ്റൊരു മാസം വിശ്വാസികൾക്കില്ല.

ഒരു നിർണ്ണിത സമയം പൈതാഹത്തെയും കാമമോഹാദികളെയും നിയന്ത്രിക്കാനുള്ള അതിമഹത്തായ പരിശീലനമാണ് വ്രതം വിശ്വാസികൾക്ക് നൽകുന്നത്. സാധാരണ ഗതിയിൽ ആരാധനകൾ കൊണ്ട് സമ്പന്നമാക്കാൻ വിശുദ്ധ റമദാനിൽ പള്ളികളെയാണ് വിശ്വാസി സമൂഹം ആശ്രയിക്കാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് – 19 പശ്ചാത്തലത്തിൽ വിശുദ്ധ മക്കയിലെയും പ്രവാചക നഗരിയായ മദീനയിലെയും പള്ളികൾ തൊട്ട് ഇങ്ങകലെ കേരളക്കരയിലെ മസ്ജിദുകൾ വരെ അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടികളുടെ ഭാഗമായി അടഞ്ഞ് കിടക്കുകയാണ്.

ഇത്തവണ പള്ളികളിലെ ബാങ്ക് വിളികളുടെ ശബ്ദത്തിന് കാതോർക്കുകയാണ് മുസ്്ലിം ഭവനങ്ങളിലുള്ളവർ. വേറിട്ടൊരു സന്ദേശവുമായി സഹാനുഭൂതിയും സമഭാവനയും വിളംബരം ചെയ്തെത്തുന്ന റമദാനെ എല്ലാ അർത്ഥത്തിലും വരവേൽക്കുന്ന അഭൂതപൂർവ്വമായ കാഴ്ചയാണ് മുസ്്ലിം ഭവനങ്ങളിൽ ഇത്തവണയുള്ളത്. പടച്ചവൻ ഓരോരുത്തർക്കും നൽകുന്ന വലിയ അനുഗ്രഹങ്ങളാണ് ഭവനങ്ങൾ.

വീടുകളുടെ അകത്തളങ്ങളിൽ കുടുംബസമേതം ഒത്ത് ചേർന്ന് റമദാനെ ചൈതന്യവത്താക്കാനുള്ള ഇത്തരമൊരവസരം സമീപകാലത്തൊന്നും വിശ്വാസികളുടെ അനുഭവത്തിലുണ്ടായിട്ടില്ല. ഭൂമിയിൽ മനുഷ്യന് ലഭ്യമായിട്ടുള്ള സ്വർഗമാണ് അവരുടെ വീടുകൾ. ഇണകളും മക്കളും മാതാപിതാക്കളും ചേർന്നാണ് ജീവിതമെന്ന അനുഭവസത്തിനെ ഇത്തവണത്തെ റമദാനിലൂടെ സ്വർഗീയമാക്കി മാറ്റുന്നത്. സുക്ഷ്മതയും ആത്മബന്ധങ്ങളും കൊണ്ടനുഗ്രഹീതമാണ് കുടുംബബന്ധങ്ങൾ.

സാധാരണ റമദാനുകളിൽ പള്ളികൾ ചൈതന്യവത്താകുന്നതിന് സമാനമായി ആത്മബന്ധങ്ങളിൽ ഊന്നിയാണ് ഇത്തവണ വീടുകളിൽ വിശുദ്ധിയുടെ പരിമളം പരക്കുന്നത്. സാമൂഹിക അകലവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പള്ളികൾ അടച്ചിട്ട് ബാങ്ക് വിളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളത്.

നല്ല വീടും നല്ല ഇണയുമാണ് പ്രവാചകൻ വിശേഷിപ്പിച്ച അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ടത്. കുടുംബത്തിൽ സമാധാനവും ശാരീരിക സൗഖ്യവും ദൈനംദിന ജീവിതത്തിൽ ഒരാൾക്ക് ലഭിച്ചാൽ അവന് ലോകം കിട്ടിയത് പോലെയാണെന്ന് പ്രവാചകൻ മുഹമ്മദ് നബി ഒരു ഘട്ടത്തിൽ പറഞ്ഞിട്ടുണ്ട്. കുടുംബ ജീവിതം പ്രധാനമാണെന്ന സന്ദേശമാണ് ഇതിലൂടെ പ്രവാചകൻ നൽകുന്നത്.

അതനുഭവിക്കാനുള്ള ദൈവീകമായൊരു അനുഗ്രഹമാണ് ഇത്തവണത്തെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നത്.

Read Previous

മാധ്യമ പ്രവർത്തകൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Read Next

കോവിഡ്: തൃക്കരിപ്പൂർ സ്വദേശിയുടെ ജഡം ദുബായിൽ സംസ്കരിക്കും

Leave a Reply

Your email address will not be published.