ലൈംഗികാതിക്രമം ഗാർഗി മറച്ചുവെച്ചു

കാഞ്ഞങ്ങാട്: അഞ്ജന ഹരീഷ് ഗോവയിലെ താമസ സ്ഥലത്ത് ലൈംഗികാതിക്രമത്തിന് ഇരയായ വിവരം തനിക്കറിയാമായിരുന്നെന്ന് അഞ്ജനയുടെ ലീഗൽ കസ്റ്റോഡിയനായ എച്ച്.ഗാർഗി തുറന്ന് സമ്മതിച്ചതോടെ ഇവർക്കെതിരെ ഫേസ്ബുക്കിൽ വിമർശനം ശക്തമാകുന്നു.

അഞ്ജന തന്നെ ദിവസവും വിളിക്കാറുണ്ടായിരുന്നെന്നും, ഗോവയിൽ നടന്ന ബലാത്സംഗ ശ്രമം അഞ്ജന തന്നെ വിളിച്ചറിയിച്ചിരുന്നെന്നുമാണ് ഒരു ചാനൽഅഭിമുഖത്തിൽ ഗാർഗി സമ്മതിച്ചത്. റിസോർട്ടിൽ ബലാത്സംഗ ശ്രമം നടന്നിട്ടും വിവരം പോലീസിലറിയിക്കാതെ ഇവർ മറച്ചു വെച്ചു.

കാണാനില്ലെന്ന് മാതാവ് മിനി കൊടുത്ത പരാതിയിൽ ഹൊസ്ദുർഗ്ഗ് കോടതിയിൽ ഹാജരായ അഞ്ജന സ്വന്തം മാതാവിനെ ഉപേക്ഷിച്ചാണ് ഗാർഗിയോടൊപ്പമാണ് പോയത്. കോടതിയിൽ നിന്നും ഏറ്റെടുത്തതുവഴി അവർ തന്നെയാണ് അഞ്ജനയുടെ ലീഗൽ കസ്റ്റോഡിയൻ.

ഏറ്റെടുത്ത യുവതിയെ സംരക്ഷിക്കേണ്ട ബാധ്യതയും ഗാർഗിക്ക് തന്നെയായിരുന്നു. പെൺകുട്ടികൾക്ക് സ്വന്തമായി ഇടമുണ്ടാക്കുന്നയാൾ എന്നാണ് ഗാർഗി അറിയപ്പെടാനാഗ്രഹിക്കുന്നത്. പിതൃ കേന്ദ്രീകൃതമായ കുടുംബ വ്യവസ്ഥയെ എതിർക്കുന്ന ഇവർ നിലനിൽക്കുന്ന കുടുംബ സങ്കൽപ്പങ്ങൾക്കെല്ലാം എതിരാണ്.

അഞ്ജന ഗോവയിൽ മരിച്ചതോടെ മരണത്തിന്റെ ദുരൂഹത അകറ്റാൻ വേണ്ട യാതൊരു ശ്രമങ്ങളും നടത്താത്തതിലൂടെ ഗാർഗി സംശയത്തിന്റെ നിഴലിലാണ്. ലഹരി വിമോചന ചികിത്സയ്ക്ക് ശേഷം ഗോവയിലെത്തിയ അഞ്ജന കേവലം ഒരു മനുഷ്യപ്പാവയായിരുന്നു.ഗോവയിലെ താമസ സ്ഥലത്ത് കൂട്ടുകാരോട് ഇവർ മദ്യവും, സിഗരറ്റും ആവശ്യപ്പെട്ടിരുന്നതായി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമായിട്ടുണ്ട്.

മദ്യം ലഭിക്കാത്തതിന്റെ പേരിൽ കൂട്ടുകാരോട് പിണങ്ങിയ അഞ്ജന റിസോർട്ടിൽ ജോലി ചെയ്തിരുന്ന ഒരാളുമായി പുറത്തിറങ്ങിയതായി സൂചനയുണ്ട്. ഈ അവസരത്തിലാണ് യുവതി ബലാത്സംഗ ശ്രമത്തിനിരയായത്. തന്നെ ആക്രമിക്കാൻ ശ്രമിച്ച റിസോർട്ട് ജീവനക്കാരനെ അഞ്ജന തല്ലിയിരുന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ജനയുടെ മരണത്തിൽ ഗോവ പോലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ റജിസ്റ്റർ ചെയ്തതല്ലാതെ മറ്റ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ബലാത്സംഗ ശ്രമത്തിൽ പോലീസിൽ പരാതി കൊടുക്കാൻ അഞ്ജന തയ്യാറായിരുന്നില്ല.അതിനാൽ തന്നെ ഇത് സംബന്ധിച്ച് അന്വേഷണവും നടന്നിട്ടില്ല.

അഞ്ജനയുടെ മരണം കൊലപാതകമാണെന്ന് തന്നെയാണ് മാതാവ് മിനിയുടെ ആരോപണം. ഈ സംശയം അവർ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ നേരിട്ടറിയിച്ചിട്ടുണ്ട്. മൃതശരീരത്തിലുണ്ടായിരുന്ന മുറിപ്പാടുകൾ സംശയമുയർത്തുന്നതാണെന്ന് മാതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്.

ലോക്ഡൗണിന് ശേഷം നാട്ടിലേക്ക് തിരിച്ചു വരാൻ മകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും, ഈ വിവരം ഫോണിൽക്കൂടി തന്നെ വിളിച്ചറിയിച്ചതായും മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന അഞ്ജന കോളേജിലെ വിടവാങ്ങൽ ചടങ്ങിനായാണ് ഏറ്റവുമൊടുവിൽ വീട്ടിൽ നിന്നും പുറപ്പെട്ടത്.

ഗാർഗിക്ക് അപകടമുണ്ടായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഞ്ജനയെ കൂട്ടുകാർ വീണ്ടും വിളിച്ചു വരുത്തിയത്. ഗാർഗിയെ രക്ഷിതാവായും, അമ്മയായുമാണ് യുവതി കരുതിയിരുന്നത്. അതുകൊണ്ട് തന്നെയാണ് കോടതിയിൽ നിന്നും ഏറ്റവുമൊടുവിൽ അഞ്ജന ഗാർഗിയോടൊപ്പം പോയത്.

LatestDaily

Read Previous

പള്ളികൾ തുറക്കാന്‍ അനുമതിയില്ല; പ്രചരിക്കുന്നത് വ്യാജസന്ദേശം

Read Next

ആംബുലൻസ് ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്