ലോകാരോഗ്യ സംഘടനയ്ക്ക് സഹായം തടഞ്ഞ് യുഎസ്…

വാഷിങ്ടൻ: ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) യുഎസ് പ്രതിവർഷം നൽകിവന്നിരുന്ന 50 കോടി ഡോളർ (3800 കോടി രൂപ) സഹായം നിർത്തിവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ചൈനയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതിലും രോഗവ്യാപനം ചെറുക്കുന്നതിലും സംഘടന പരാജയപ്പെട്ടതായി ട്രംപ് ആരോപിച്ചു.


ചൈന നൽകിയ വിവരങ്ങൾ ശരിയായി അന്വേഷിക്കാതെ വിശ്വാസത്തിലെടുത്ത സംഘടന മറ്റു രാജ്യങ്ങൾ ചൈനയിലേക്കും തിരിച്ചും യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ എതിർത്തത് സ്ഥിതി വഷളാക്കി. ചൈനയാകട്ടെ പ്രതിവർഷം 4 കോടി ഡോളറോ (304 കോടി രൂപ) അതിൽ കുറവോ ആണു ലോകാരോഗ്യസംഘടനയ്ക്കു നൽകുന്നതെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവച്ചെന്ന് യുഎസ് നേരത്തേ ആരോപിച്ചിരുന്നു.


ലോകാരോഗ്യസംഘടനയുടെ പ്രധാന ഫണ്ട് ദാതാവായ യുഎസിന്റെ തീരുമാനത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു. ഒരുമിച്ചു പോരാടേണ്ട സമയമാണിതെന്നും ഓർമിപ്പിച്ചു. യുഎസ് നിലപാടിൽ ആശങ്കയുണ്ടെന്നും ഇപ്പോഴത്തെ പ്രതിസന്ധിയിൽ യുഎസ് ഉത്തരവാദിത്തവും ചുമതലയും നിറവേറ്റണമെന്നും ചൈന പ്രതികരിച്ചു. ലോകം പ്രതിസന്ധി നേരിടുന്ന ഈ സമയത്തല്ല യുഎസ് ഇത്തരം കടുത്ത തീരുമാനമെടുക്കേണ്ടതെന്ന് മറ്റു രാഷ്ട്രങ്ങളും പ്രതികരിച്ചു.

LatestDaily

Read Previous

കാസർകോട്ട് അതിജാഗ്രത: രോഗിക്കെതിരെ കേസ്

Read Next

നിലപാട് കര്‍ശനമാക്കി കേന്ദ്രം; ഇളവുകള്‍ തിരുത്തി കേരളം