ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലോക്ക് ഡൗൺ മൂലം വിദേശത്തും അന്യസംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ നിരവധിപേർക്കു നാട്ടിൽ തിരിച്ചെത്താൻ സാഹചര്യം ഒരുങ്ങിയിരിക്കുകയാണിപ്പോൾ. മുൻഗണനാക്രമമനുസരിച്ച് എല്ലാവരെയും നാട്ടിലെത്തിക്കാനും അവരുടെയും നാട്ടിലുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കണം
കോവിഡ് വ്യാപനത്തെത്തുടർന്നു പ്രഖ്യാപിക്കപ്പട്ട ലോക്ക് ഡൗൺ അനേകം മലയാളികളെ ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ബന്ധിതരാക്കി. അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവർ തിരികെ വന്നുതുടങ്ങി. വിദേശത്തുള്ളവരുടെ തിരിച്ചുവരവു നാളെ തുടങ്ങും. വിമാനങ്ങളിലും നാവികസേനാ കപ്പലുകളിലുമാണ് അവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുക. മടങ്ങിവരവിനായി നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം നാലര ലക്ഷത്തിലേറെയാണ്. അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവർ ഒന്നര ലക്ഷത്തിലേറെ വരും.
വിദേശത്തുനിന്നു മടങ്ങുന്നവർ വിമാനയാത്രയ്ക്കുള്ള ചെലവ് സ്വയം വഹിക്കണമെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. ഇക്കാര്യത്തിൽ ചില ഇളവുകളും സഹായങ്ങളും സർക്കാർ ചെയ്യണം. ടിക്കറ്റ് നിരക്കു നിശ്ചയിക്കുന്നതു വിമാനക്കന്പനികളാണ്. സീസണുകളിൽ കൂടിയ നിരക്ക് ഈടാക്കുകയാണു വിമാനക്കന്പനികളുടെ രീതി. ഇപ്പോഴത്തെ സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഉദാരമായ നിലപാടു സ്വീകരിക്കാൻ വിമാനക്കന്പനികൾ തയാറാകണം. സർക്കാർ അതിനവരിൽ സമ്മർദം ചെലുത്തണം.
അന്പതിനായിരത്തിലധികം മലയാളികൾ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണു ഗൾഫിൽനിന്നു മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സന്പദ്വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണമാണ്. ഗൾഫിൽനിന്നു വന്നുകൊണ്ടിരുന്ന പണം കോവിഡ് വ്യാപനത്തിനു മുന്പുതന്നെ കുറഞ്ഞിരുന്നു. അവിടെ ജോലി ചെയ്യുന്നവരുടെ വരുമാനം ഇടിഞ്ഞതുതന്നെ കാരണം. ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ളവർ നോർക്കയിൽ മടക്കയാത്രയ്ക്കു പേരു രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ സിംഹഭാഗവും ഗൾഫിൽനിന്നുള്ളവരാണ്. രണ്ടു ലക്ഷത്തോളം പേർ യുഎഇയിൽനിന്നു മാത്രം കേരളത്തിലേക്കു വരാൻ കാത്തിരിക്കുന്നു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ചൈന, ജപ്പാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ മുൻകൈയെടുത്തു തിരിച്ചുകൊണ്ടുവന്നിരുന്നു. ഇതിന്റെ ചെലവു കേന്ദ്രസർക്കാരാണു വഹിച്ചത്. ചൈനയിൽനിന്നുള്ള ഒരു സംഘത്തെ നാട്ടിലെത്തിക്കാൻ ആറു കോടി രൂപ ചെലവായതായി പാർലമെന്റിൽ വ്യക്തമാക്കിയതാണ്.
എന്നാലിപ്പോൾ ഗൾഫ് രാജ്യങ്ങളിൽനിന്നുൾപ്പെടെ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്പോൾ അവരെല്ലാം സ്വന്തമായി ടിക്കറ്റ് ചെലവു വഹിക്കണം. കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും മറ്റുതരത്തിൽ ഗുരുതരമായ സാന്പത്തിക വൈഷമ്യം അനുഭവിക്കുന്നവർക്കുമെങ്കിലും സൗജന്യമായി യാത്ര ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കേണ്ടതായിരുന്നു. പ്രവാസികളിൽനിന്നു പല തരത്തിൽ സർക്കാരിനു ലഭിക്കുന്ന പണത്തിന്റെ ചെറിയൊരംശം ഇതിനായി നീക്കിവയ്ക്കാവുന്നതേയുള്ളൂ. ഇന്ധനവിലയിൽ വലിയ ഇടിവ് വന്നിരിക്കേ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് അനുവദിക്കാൻ വിമാനക്കന്പനികൾക്ക് ഒരു വിഷമവും ഉണ്ടാകേണ്ടതില്ല. അതല്ല, അവസരം മുതലെടുത്ത് ചൂഷണത്തിനാണു വിമാനക്കന്പനികളും മറ്റുള്ളവരും തുനിയുന്നതെങ്കിൽ അതു വലിയ നന്ദികേടായിരിക്കും.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ തുടക്കം മുതലേ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരോക്ഷമായെങ്കിലും രാഷ്ട്രീയം കളിക്കുന്നു. കേരളം ആവശ്യപ്പെട്ട പ്രകാരം പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രം സഹായിക്കുന്നില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ പരാതി. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി മാറ്റിനിർത്തേണ്ടവരല്ല പ്രവാസികൾ. അവരുടെ സഹായം ആവശ്യമായി വരുന്പോൾ മാത്രം അവരെക്കുറിച്ചു ചിന്തിച്ചാൽ പോരാ. അവർക്കിപ്പോൾ വലിയൊരു പ്രതിസന്ധി ഉണ്ടായിരിക്കേ സർക്കാർ പ്രത്യുപകാരത്തിനു തയാറാകണം.
തിരിച്ചെത്തുന്ന പ്രവാസികൾക്കു ക്വാറന്റൈനും മറ്റും സൗകര്യമൊരുക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം ഇനിയും നീങ്ങിയിട്ടില്ല. കേരളം എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും, നേരത്തേ പ്രഖ്യാപിച്ചിരിക്കുന്ന രീതിയിൽ പ്രവാസികളെ കൊണ്ടുവന്നാൽ വലിയ വിഷമങ്ങൾ ഉണ്ടാകും. കൊറോണബാധയുണ്ടോ എന്ന പരിശോധന നടത്താതെയാണു വിദേശരാജ്യങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവരുന്നത്. ഇതു വലിയ അപകടമുണ്ടാക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരെയും ഏഴു ദിവസത്തേക്കു സംസ്ഥാന സർക്കാർ ക്വാറന്റൈനിൽ പാർപ്പിക്കും. അതിനുശേഷം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് എന്നു കാണുന്നവരെ വീടുകളിലേക്കയയ്ക്കും. അവിടെയും അവർ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. കേന്ദ്ര സർക്കാരും ഇത്തരത്തിലുള്ള പരിശോധനാ മാനദണ്ഡങ്ങളാണു പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തേ ഇറാനിൽനിന്നും ഇറ്റലിയിൽനിന്നും ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനു മുന്പായി ഇവിടെനിന്നു മെഡിക്കൽ സംഘം ആ രാജ്യങ്ങളിലെത്തി യാത്രക്കാരിൽ കോവിഡ് പരിശോധന നടത്തിയിരുന്നു.
പല സംസ്ഥാനങ്ങളിലും രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ റെഡ് സോണുകളിൽനിന്നു കേരളത്തിലെത്തുന്ന എല്ലാവരും തന്നെ ഏഴു ദിവസത്തേക്കു നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നു നിർദേശിച്ചിട്ടുണ്ട്. അതിഥിത്തൊഴിലാളികളെ സംരക്ഷിക്കാനും അവരെ സ്വന്തം നാടുകളിലേക്കയയ്ക്കാനും സംസ്ഥാന സർക്കാർ കാണിച്ച ഉത്സാഹം നാട്ടുകാരെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തിൽ ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്.
വിദേശങ്ങളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും തിരികെയെത്താൻ വെന്പുന്ന എല്ലാ മലയാളികൾക്കും അതിന് എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്നു കക്ഷിഭേദമെന്യേ എല്ലാവരും ആവശ്യപ്പെടുന്നു. സംസ്ഥാനം സുസജ്ജമാണെന്നു സർക്കാരും പറയുന്നു. വിപുലമായ ഒരുക്കങ്ങൾ ചെയ്തിട്ടുമുണ്ട്. ഇതു സമയബന്ധിതമായും ചിട്ടയായും നടപ്പാക്കുകയാണു പ്രധാനം. രണ്ടു ദിവസം തുടർച്ചയായി ഒരു കോവിഡ് കേസ്പോലും റിപ്പോർട്ട് ചെയ്യാതിരുന്ന കേരളത്തിൽ ഇന്നലെ പുതിയ മൂന്നു കേസുകൾ ഉണ്ടായി. നിയന്ത്രണങ്ങളിൽ അയവുണ്ടാകുന്പോൾ അപകടമുണ്ടാകുന്നുവെന്നതിന്റെ സൂചനയാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
മടങ്ങിവരുന്ന പ്രവാസികളുടെ ക്വാറന്റൈനും മറ്റുമായി തങ്ങളുടെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ധ്യാനകേന്ദ്രങ്ങളും വിട്ടുകൊടുക്കാമെന്നു കത്തോലിക്കാ സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ ഇതര മത, സാമുദായിക സംഘടനകളും ഇതേവിധത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്. ഇതൊക്കെ ഫലപ്രദമായി വിനിയോഗിച്ച് പ്രവാസികളുടെ വൈഷമ്യങ്ങൾ വേണ്ടവിധത്തിൽ പരിഹരിക്കാൻ സംസ്ഥാനത്തിനു കഴിയണം.