പോകരുതെന്ന് പറഞ്ഞിട്ടും അവൻ പോയി; മരണത്തിലേക്ക്

കാഞ്ഞങ്ങാട്: കുളിക്കാൻ പോവുകയാണെന്നല്ല…റിബിൻരാജ് അമ്മ ബിന്ദുവിനോട് പറഞ്ഞത് അരയിപ്പാലത്തിനടുത്ത് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോവുകയാണെന്നാണ്.

മെയ് 3-ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്കാണ് പ്ലസ്്വൺ വിദ്യാർത്ഥി ആറങ്ങാടി നിലാങ്കര കുളത്തിങ്കാൽ റിബിൻരാജ് അമ്മ ബിന്ദുവിനോട് കളിക്കാൻ പുറത്തു പോകാൻ അനുവാദം തേടിയത്.

ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന വലിയ കുട്ടിയായില്ലേ… അമ്മ പേടിക്കേണ്ടെ.

നാട്ടിൽ കൊറോണ രോഗ ഭീതിയും പോലീസും മറ്റും അനാവശ്യമായി ജനങ്ങളെ പുറത്തിറങ്ങാൻ വിടാത്ത സാഹചര്യവും മറ്റുമുള്ളതിനാൽ റിബിൻരാജ് വീട്ടിൽ തന്നെയായിരുന്നു. മകനോട് പോകല്ലേ-പോകല്ലേയെന്ന് ബിന്ദു പറഞ്ഞിട്ടും ”ഞാൻ ഉടൻ വരാമെന്ന് പറഞ്ഞിട്ടാണ് അവൻ പോയത്”. ” ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന വലിയ കുട്ടിയായില്ലേ… അമ്മ പേടിക്കേണ്ടെന്ന് സമാധാനിപ്പിച്ചാണ് ജീൻസും ഷർട്ടും ധരിച്ച നിലയിൽ റിബിൻരാജ് വീട്ടിൽ നിന്ന് പോയത്. പിന്നെ വൈകുന്നേരം 4 മണിയായപ്പോൾ റിബിൻരാജിനെ അരയിപ്പുഴയിൽ കാണാനില്ലെന്നറിഞ്ഞു. അരയിപ്പാലത്തിന്റെ മുകളിൽ നിന്ന് ആവേശത്തോടെ പുഴയിലേക്ക് എടുത്തു ചാടിയ റിബിൻരാജിനെ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ പിന്നീട് കണ്ടില്ല. അവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയത് ആഴം കുറഞ്ഞ പുഴയുടെ കര പറ്റിയാണ്. റിബിൻരാജ് മാത്രം നല്ല ഉയരത്തിലുള്ള പാലത്തിന് മുകളിൽ നിന്ന് പുഴയുടെ മധ്യത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.

മൂന്നാൾ ആഴത്തിൽ വെള്ളമുള്ള പുഴയുടെ മധ്യത്തിൽ ആഴത്തിൽ ആണ്ടുപോയ റിബിൻരാജിന്റെ മൃതദേഹം മുങ്ങൽ വിദഗ്ധരാണ് 4 മണിയോടെ പുറത്തെടുത്തത്. ജീൻസ് പാന്റ്സ് ഇരു കാൽവണ്ണകളിലും ഒട്ടിപ്പിടിച്ചതിനാലായിരിക്കണം പുഴയിൽ കാലുകൾ ചലിപ്പിച്ച് നീന്തി ഉയരാൻ കഴിയാതെ ഈ പതിനാറുകാരൻ പുഴയുടെ ആഴത്തിൽ കുടുങ്ങിപ്പോയതെന്ന് അനുമാനിക്കുന്നു. നന്നായി നീന്തൽ അറിയാവുന്ന റിബിൻരാജ് ധൈര്യത്തിൽ തന്നെയാണ് പുഴയിലേക്ക് ചാടിയത്. നാലാംതരം വരെ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലും, അഞ്ചു മുതൽ ദുർഗ്ഗയിലും പഠിച്ച റിബിന് പ്ലസ് വണ്ണിന് ഹൊസ്ദുർഗ്ഗ് ഗവ.ഹയർസെക്കണ്ടറിയിലാണ് സീറ്റ് കിട്ടിയത്. പിതാവ് രാജൻ വർഷങ്ങളായി കുവൈത്തിലാണ്.അമ്മ ബിന്ദു നെല്ലിക്കാട് സ്വദേശിനി. ഏക സഹോദരി റിയാരാജ് ലിറ്റിൽ ഫ്ലവറിൽ ഒമ്പതാം തരം വിദ്യാർത്ഥിനിയാണ്.

രാജന്റെ മൂത്ത സഹോദരി മാധവി ദക്ഷിണ കർണ്ണാടകയിലെ പുത്തൂരിലാണ്. മാധവിയുടെ സഹോദരങ്ങളായ അശോകൻ നീലേശ്വരത്തും, പ്രകാശൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിയും, സുരേഷൻ കാഞ്ഞങ്ങാട്ടും ടീസ്റ്റാളുകൾ നടത്തിവരുന്നു. ഇളയ സഹോദരി പ്രിയ രാവണേശ്വരത്ത് ഭർത്താവിനൊപ്പം. ഏക മകനെ പുഴ തട്ടിയെടുത്ത വിവരം കുവൈറ്റിലുള്ള പിതാവ് രാജനെ തക്ക സമയത്ത് അറിയിച്ചുവെങ്കിലും, രാജ്യം ലോക്ഡൗണിലായതിനാൽ രാജന് നാട്ടിലെത്തി മകന്റെ മൃതദേഹം ഒരു നോക്ക് കാണാൻ പോലും കഴിയാതെ പോയി.

LatestDaily

Read Previous

യുവാവിന്റെ മാതാവ് ആനന്ദാശ്രമം ജീവനക്കാരി

Read Next

ലോക് ഡൗണിൽ വീട്ടിൽ തനിച്ചായ അഭിഭാഷകൻ വീട്ടുപറമ്പിൽ മരിച്ച നിലയിൽ