ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: കർണ്ണാടകയിൽ നിന്നും പഴവും പച്ചക്കറിയുമായെത്തിയ വാഹനത്തിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടി സംഭവത്തിൽ ചന്തേര പോലീസ് 3 പേർക്കെതിരെ കേസെടുത്തു. ഇന്നലെ പുലർച്ചെ ചന്തേര എസ്.ഐ മെൽബിൻ ജോസും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മാങ്ങ നിറച്ച പെട്ടിക്കടിയിൽ സൂക്ഷിച്ച 2910 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തത്.
ദേശീയപാത വഴി പയ്യന്നൂരിലെത്തിയ വാഹനം പയ്യന്നൂരിൽ നിന്നും തിരികെ തട്ടാർകടവ് വഴി തങ്കയത്തെത്തിയപ്പോഴാണ് ചന്തേര പോലീസിന്റെ പിടിയിലായത്. പഴം, പച്ചക്കറി മുതലായ അവശ്യ വസ്തുക്കളുമായി പോകുന്ന വാഹനങ്ങൾ പോലീസ് കാര്യമായി പരിശോധിക്കാറില്ല. ഈ അവസരം മുതലാക്കിയാണ് കർണ്ണാടകയിൽ നിന്നും നിരോധിത പുകയില ഉത്പ്പന്നങ്ങൾ കേരളത്തിലെത്തിച്ചത്.
കെ.ഏ 50- 4092 രജിസ്ട്രേഷൻ നമ്പറിലുള്ള മിനിലോറിയിൽ നിന്നാണ് ചന്തേര പോലീസ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറായ കർണ്ണാടക സ്വദേശി ദിനേശ് കുമാർ 42, മലപ്പുറം തിരൂർ സ്വദേശി സിറാജുദ്ദീൻ , തൃക്കരിപ്പൂർ മട്ടമ്മലെ ഇസ്്ഹാഖ് 20, എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
കർണ്ണാടകയിൽ നിന്നും കേരളത്തിലേയ്ക്ക് പച്ചക്കറിയുമായി വരുന്ന വാഹനങ്ങൾ വഴി ജില്ലയിലേയ്ക്ക് നേരത്തെ തന്നെ നിരോധിത ലഹരി വസ്തുക്കൾ കള്ളക്കടത്ത് നടത്താറുണ്ടായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകയിൽ 10 രൂപയ്ക്ക് ലഭിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾക്ക് കേരളത്തിലെത്തിയാൽ പത്തിരട്ടി വരെ വില ലഭിക്കും. കർണ്ണാടകയിൽ വിദേശമദ്യക്കച്ചവടം ആരംഭിച്ചതോടെ അതിർത്തികൾ വഴി ധാരാളമായി മദ്യം ജില്ലയിലേയ്ക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറിയുമായി വരുന്ന കർണ്ണാടക വാഹനങ്ങൾ വഴി കേരളത്തിലേയ്ക്ക് മദ്യക്കടത്ത് നടക്കാനും സാധ്യതയുണ്ട്.