നീല: കെപിസിസിക്ക് പരാതി

കാസർകോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ നീലച്ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കെപിസിസിക്ക് പരാതി. കാസർകോട് ജില്ലയിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകനാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നീലച്ചിത്രം സംബന്ധിച്ച് പരാതി അയച്ചത്. നീലച്ചിത്രം ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടതോടെ ഗ്രൂപ്പിൽ അഡ്മിൻമാരായിരുന്ന ഡിസിസി ഭാരവാഹി പടന്നക്കാട്ടെ എം.അസിനാറും ഉദുമ ഞെക്ളിയിലെ ഭക്തവത്സലനും ഗ്രൂപ്പിൽ നിന്ന് സ്വയം ലെഫ്റ്റ് ആയി. പുറമെ ഗ്രൂപ്പിലുള്ള മറ്റു മഹിളാ നേതാക്കളും സ്വയം ലെഫ്റ്റ് ആയിട്ടുണ്ട്.

ഡിസിസി ഭാരവാഹി കോട്ടിക്കുളത്തെ വി.ആർ. വിദ്യാസാഗറാണ് കാസർകോട് ഡിസിസി എന്ന പേരിൽ വാട്ട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. നാളിതുവരെ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളുമൊക്കെയാണ് ഈ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നതെങ്കിലും, പച്ചയായ കിടപ്പറ രംഗം ഈ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത് ഇതാദ്യമാണ്. വിദ്യാസാഗർ രൂപം നൽകിയ ഈ ഗ്രൂപ്പ് കാസർകോട് ഡിസിസിയുടെ ഔദ്യോഗിക വാട്ട്സാപ്പ് കൂട്ടായ്മയല്ലെന്ന് ഒരു ഡിസിസി വക്താവ് വെളിപ്പെടുത്തി. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ അഡ്മി ൻ ആയ യഥാർത്ഥ ഗ്രൂപ്പ് നിലവിൽ വേറെയുണ്ട്.

മഹിളാ കോൺഗ്രസ്സ് ഭാരവാഹികൾ അടക്കമുള്ള വിദ്യാസാഗറിന്റെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ജില്ലയ്ക്ക് പുറത്തുള്ള കോൺഗ്രസ് നേതാക്കളും അംഗങ്ങളാണ്. നീല പുറത്തുവന്നതോടെ ഗ്രൂപ്പിൽ നിന്ന് നൂറോളം പേർ സ്വയം പുറത്തുപോയ്ക്കൊണ്ടിരിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡണ്ട് ടി.സിദ്ദിഖും ഈ ഗ്രൂപ്പിലുണ്ട്.

LatestDaily

Read Previous

മെട്രോ മുഹമ്മദ്ഹാജി സുഖം പ്രാപിക്കുന്നു

Read Next

തേജസ്വിനി ആശുപത്രിയിൽ ചീട്ടുമാറി മരുന്ന് നൽകി