നിർദ്ദേശം മറികടന്ന് കാസർകോട് എംപിക്ക് ഡിസിസി നേതാവിന്റെ ഇഫ്താർ വിരുന്ന്

Rajmohan Unnithan

കാഞ്ഞങ്ങാട്: നാടെങ്ങും കൊറോണ ഭീതി പടരുമ്പോൾ, കാസർകോട് എം.പി സമൂഹ വിരുന്നിൽ പങ്കെടുത്തത് വിവാദമായി.

സമൂഹനോമ്പുതുറകൾ ഒഴിവാക്കണമെന്ന മതനേതാക്കന്മാരുടെ അഭ്യർത്ഥനകൾ ചെവിക്കൊള്ളാതെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പങ്കെടുത്ത ഇഫ്താർ വിരുന്ന് പടന്നയിൽ നടന്നത്. കാസർകോട് ഡിസിസി വൈസ് പ്രസിഡണ്ട് പി.കെ ഫൈസലാണ് പാർലിമെന്റ് അംഗത്തിന് സ്വന്തം വീട്ടിൽ ഇഫ്താർ വിരുന്ന് ഒരുക്കിയത്. കോവിഡ് ബാധ തടയാനായി പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്ന സർക്കാറിന്റെ നിരന്തര അഭ്യർത്ഥനകൾ പാടെ അവഗണിച്ചാണ് ഒരു ഭക്ഷണ മേശയ്ക്ക് ചുറ്റും പത്തിലധികം ആൾക്കാർ തിങ്ങിയിരുന്ന് വിഭവസമൃദ്ധമായ വിരുന്നുണ്ടത്.

നാടെങ്ങും കോവിഡ് ഭീതിയിൽ അമർന്നിരിക്കുമ്പോൾ, പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ മുന്നിട്ടിറങ്ങേണ്ട ജനപ്രതിനിധി തന്നെ, സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പരത്തിക്കഴിഞ്ഞു. ഭക്ഷണമേശയിലിരിക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഡിസിസി വൈസ് പ്രസിഡണ്ട് പി.കെ ഫൈസലാണ്. മെയ് 12 ചൊവ്വാഴ്ചയാണ് ഡിസിസി വൈസ് പ്രസിഡണ്ട് പി.കെ ഫൈസലിന്റെ പടന്ന എടച്ചാക്കൈ കൊക്കൊക്കടവിലെ വീട്ടിൽ എംപി അടക്കമുള്ളവർ ക്ക്സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.

അന്നേ ദിവസം കോൺഗ്രസ് പടന്ന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാൻ രാജ് മോഹൻ ഉണ്ണിത്താൻ എം.പി എത്തിയിരുന്നു. കിറ്റ് വിതരണച്ചടങ്ങിന് ശേഷമാണ് പി.കെ ഫൈസലിന്റെ വീട്ടിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. ഇഫ്താറിൽ പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. കുഞ്ഞമ്പു, ഡിസിസി ജനറൽ സിക്രട്ടറി, കെ.പി പ്രകാശൻ, പടന്ന മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ താജുദ്ദീൻ എന്നിവരടക്കം പത്തിലധികം ആൾക്കാർ വിരുന്നുണ്ടു.

കേരളം മൊത്തം കോവിഡ് ഭീതി പടരുന്നതിനിടയിലും, കോൺഗ്രസ് നേതാക്കൾ ഈ ചട്ട വിരുദ്ധ ഇഫ്താർ വിരുന്നിനോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് കണ്ട് തന്നെ അറിയണം. സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗ വ്യാപന നിയന്ത്രണ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് പൊതു പ്രവർത്തകൻ കൂടിയായ ഡിസിസി വൈസ് പ്രസിഡണ്ട് പി.കെ. ഫൈസൽ സ്വന്തം വീട്ടിൽ പത്തിലധികം പേർക്ക് വിരുന്നൊരുക്കിയത്.

LatestDaily

Read Previous

കോട്ടച്ചേരി മേൽപ്പാല നിർമ്മാണം രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു

Read Next

നഗരത്തിലെ കടകളിൽ നിന്ന് മലിനജലം ഓവുചാലിലൊഴുക്കുന്നു