ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തന്നെ മനസ്സിലാക്കാത്ത രക്ഷാകർത്താക്കളോടും, സമൂഹത്തോടും സ്വന്തം ജീവന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച് പ്രതികാരം ചെയ്യുന്നതിന് മുമ്പ് അഞ്ജന ഹരീഷ് അവസാനമായി ഫേസ്ബുക്കിൽ കുറിച്ചിട്ടത് തണലുകൾ നഷ്ടപ്പെട്ട വ്യഥയാണ്.
ഗോവയിൽ ആത്മഹത്യ ചെയ്ത പുതുക്കൈ സ്വദേശിനി മെയ് 13-ന് രാത്രിയാണ് ഗോവയിലെ താമസസ്ഥലത്ത് അത്മഹത്യ ചെയ്തത്. അന്നേദിവസം ഉച്ചയ്ക്ക് 12.25-ന് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ തണലുകളെല്ലാം വെട്ടിമാറ്റൂ, എന്നെങ്കിലും നടന്ന് തളരുമ്പോൾ അതിന്റെ ചുവട്ടിൽ ചുരുളാൻ തോന്നിയാലോ?.
ഉത്തര കേരളത്തിൽ തീർത്തും അപരിചിതമായ ക്വീർ കമ്മ്യൂണിറ്റിയിൽ അംഗമായിരുന്ന അഞ്ജനഹരീഷ് ഇവരുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
രാൻസ്ജെൻഡേഴ്സ്, ലെസ്ബിയൻസ്, ബൈസെക്ഷ്വൽ, ട്രാൻസ് സെക്ഷ്വൽ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനയാണ് ക്വീർ കമ്മ്യൂണിറ്റി.
ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ക്വീർ കമ്മ്യൂണിറ്റി എന്ന സംഘടന വർഷംതോറും കേരളത്തിൽ സ്വാഭിമാനാ സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.
സമൂഹം വരച്ചുവെച്ച ജീവിതത്തിന്റെ വാർപ്പു മാതൃകകളെ തിരസ്ക്കരിച്ച് സ്വന്തം വഴിയിലൂടെ യാത്ര ചെയ്തതിനാൽ അഞ്ജനഹരീഷ് വീട്ടുകാരുടെയും, നാട്ടുകാരുടെയും കണ്ണിലെ കരടായി.
മാർച്ച് 13-ന് തന്റെ ഫേസ്ബുക്ക് പേജിൽകൂടി പുറത്തുവിട്ട
ലൈവ് വീഡിയോയിൽ അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ച് അഞ്ജന വിശദീകരിക്കുന്നുണ്ട്.
ലഹരിക്കടിമയെന്ന് മുദ്രകുത്തി രക്ഷിതാക്കൾ തന്നെ ലഹരിമുക്ത കേന്ദ്രങ്ങളിലാക്കിയതിനെക്കുറിച്ചാണ് വീഡിയോ.
കോയമ്പത്തൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലഹരിമോചന കേന്ദ്രങ്ങളിൽ അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയിൽ രക്ഷിതാക്കൾ തന്നെ മനസ്സിലാക്കാത്തതിന്റെ വേദനയും പങ്കുവെയ്ക്കുന്നുണ്ട്.
അഞ്ജനയെ കാണാതായെന്ന് മാതാവ് നീലേശ്വരം പോലീസിൽ പരാതി കൊടുത്തതിന്റെ പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട്ടെ കോടതിയിൽ ഹാജരാകാൻ വന്ന ദിവസമാണ് ഫേസ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവെച്ചത്.
കാണാതായ അഞ്ജന കോഴിക്കോട് നിന്നാണ് കാഞ്ഞങ്ങാട്ടെത്തി കോടതിയിൽ ഹാജരായത്. മാതാവിനൊപ്പം പോകാൻ തയ്യാറാകാത്ത യുവതി ഗാർഗി എന്ന സുഹൃത്തിനൊപ്പമാണ് തിരികെ പോയത്. ഇതിന്ശേഷം ഇവർ നേരെ ഗോവയിലേയ്ക്ക് പോകുകയായിരുന്നെന്ന് കരുതുന്നു.
ഇടതുപക്ഷ വിശ്വാസിയായ അഞ്ജനഹരീഷ് പൗരത്വബില്ലിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. ഇവർക്ക് നക്സൽ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം സുഹൃത്തുക്കൾ നിഷേധിച്ചിട്ടുണ്ട്.
തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായിരുന്ന യുവതി ഹാജരില്ലാത്തതിനാൽ കോളേജിൽ നിന്നും പുറത്തായിരുന്നു.
ഇതിൽ രക്ഷിതാക്കൾക്ക് മനോവിഷമമുണ്ടായിരുന്നു. പഠനം പൂർത്തിയാക്കാത്തതിനെച്ചൊല്ലി രക്ഷിതാക്കളുമായി തർക്കമുണ്ടായിരുന്നു.
സാഹിത്യ കുതുകിയായിരുന്ന അഞ്ജനഹരീഷ് കോളേജിൽ നടന്ന സാഹിത്യ സംവാദങ്ങളിലും, ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും പങ്കെടുത്തിരുന്നതായി ബ്രണ്ണൻ കോളേജിലെ സുഹൃത്തുക്കൾ ഓർക്കുന്നു.
പെണ്ണുടലുകൾക്ക് യാഥാസ്ഥിതിക പൊതുസമൂഹം വിധിച്ചിട്ടുള്ള പെരുമാറ്റ മാതൃകകൾ വെല്ലുവിളിച്ചാണ് അഞ്ജന താൻ വെട്ടിയ വഴിയിലൂടെ സഞ്ചരിച്ചത്.

തണലുകളെല്ലാം വെട്ടിമാറ്റൂ, എന്നെങ്കിലും നടന്ന് തളരുമ്പോൾ അതിന്റെ ചുവട്ടിൽ ചുരുളാൻ തോന്നിയാലോ?