കോവിഡ് പശ്ചാത്തലവും എണ്ണവിലയിലെ ഇടിവും പ്രതിസന്ധിക്ക് കാരണം
കാഞ്ഞങ്ങാട്: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് എണ്ണ വിലയിലുണ്ടായ ഇടിവ് ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നതായി സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ. എണ്ണവിലയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ്്വ്യവസ്ഥക്ക് വലിയ ഭീഷണിയാണ് ഉയർന്ന് വന്നിട്ടുള്ളത്.
നാൽപ്പത് വർഷത്തിനിടെ മിഡിൽ ഈസ്റ്റ് സമ്പദ്്വ്യവസ്ഥയിലുണ്ടായ ഏറ്റവും വലിയ ആഘാതമാണ് ഇപ്പോഴത്തെതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ വിലയിരുത്തലിൽ കോവിഡും എണ്ണവിലത്തകർച്ചയും കാരണം അറബ് ലോകത്തിന്റെ സമ്പദ്്വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാവുമെന്ന് പ്രവചിക്കുന്നുണ്ട്.
കൊറോണ മഹാമാരി മൂലം ഗൾഫ് സമ്പദ്്വ്യവസ്ഥ 3.3 ശതമാനം ചുരുങ്ങുമെന്നും 2008-09ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമാകുമെന്നും ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഐഎംഎഫ് വ്യക്തമാക്കുന്നു. ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ തീരുമാനമനുസരിച്ച് എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിലൂടെ കൈവരിച്ച സാമ്പത്തികാവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള സൗദിഅറേബ്യയും മുൻപന്തിയിലുള്ള ഖത്തറും യുഏഇയും നേരിടേണ്ടി വരികയെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായ ഇറാനിലും ആറ് ശതമാനം ഇടിവുണ്ടാവും.
അതേസമയം കുവൈത്ത് 2018 നെക്കാളും 2019-ൽ നേരിയ വളർച്ച കൈവരിച്ചിട്ടുണ്ട്. മൊത്തം അഭ്യന്തര ഉൽപ്പാദനം 130 ശത കോടി യുഎസ് ഡോളറാണെന്ന് കുവൈത്ത് സെൻട്രൽ സ്റ്റാറ്റിക്കൽ ബ്യൂറോ വിലയിരുത്തുന്നു. എന്നാൽ കിട്ടാക്കടം പെരുകുന്നത് ഗൾഫ് മേഖലയിലെ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓഹരി വിപണി കൂപ്പ് കുത്തിയതും റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയും ഗൾഫ് പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്.