ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോവിഡ് പ്രതിരോധത്തിനായി, യാതൊരു ഗൃഹപാഠവും മുന്നൊരുക്കവുമില്ലാതെ പ്രധാനമന്ത്രി ഏകപക്ഷീയമായി നടപ്പിലാക്കിയ ലോക്ഡൗൺ രണ്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും സമ്പദ്ഘടനയ്ക്കുണ്ടായ ആഘാതവും അളക്കാനാവാത്തതാണ്.
നേരത്തെ തന്നെ പ്രതിസന്ധിയിലകപ്പെട്ടിരുന്ന കാർഷിക മേഖലയ്ക്ക് ഈ തകർച്ച താങ്ങാനാവാത്തതുമാണ്. പല കാർഷിക വിളകളുടെയും വിളവെടുപ്പ് സമയത്താണ് ഇടത്തീപോലെ ലോക്ഡൗൺ വന്നത്. വിളവെടുക്കാനും എടുത്ത ഉല്പന്നങ്ങൾ ചന്തകളിലെത്തിച്ച് വില്ക്കാനും കഴിയാതെ നാശനഷ്ടങ്ങൾ അനുഭവിച്ചു കർഷകർ.
ഇങ്ങനെ വരുമാനം നഷ്ടപ്പെട്ട് കടക്കെണിയിൽ, ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ നട്ടം തിരിയുന്ന അവർക്ക് വീണ്ടും വിളയിറക്കാൻ വിത്ത്, വളം, പുനർവായ്പ തുടങ്ങിയ കാർഷികോപാധികൾ ലഭ്യമാക്കണം.
തൊഴിലാളിക്ഷാമവും രൂക്ഷമാണ്. ഇവയൊന്നും കണക്കിലെടുക്കാതെ വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇതുകൊണ്ട് കർഷകർക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പലിശസഹിതം തിരിച്ചടയ്ക്കുകയും വേണം. സമൂഹത്തിനും ജീവജാലങ്ങൾക്കും ഭക്ഷണം ഉല്പാദിപ്പിക്കുന്നതിന്റെ സാമൂഹ്യപ്രാധാന്യം അംഗീകരിച്ച് കടത്തിൽ നിന്ന് കർഷകരെ മോചിപ്പിക്കണമെന്നാണ് എല്ലാ കർഷകസംഘടനകളും ആവശ്യപ്പെടുന്നത്.
ചെറുകിട‑നാമമാത്ര കർഷകരുടെ കടങ്ങളെങ്കിലും എഴുതിത്തള്ളി ആത്മഹത്യയുടെ മുമ്പിൽ നിൽക്കുന്ന കർഷകരെ രക്ഷിക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം ഉല്പന്നങ്ങളുടെ വിലത്തകർച്ചയാണ്. ഈ വിഷയം വിശദമായി പഠനം നടത്തിയ ശേഷമാണ് എം എസ് സ്വാമിനാഥൻ നേതൃത്വം നൽകിയ ദേശീയ കർഷക കമ്മിഷൻ സി+2 എന്ന അടിസ്ഥാനത്തിൽ കർഷകർക്ക് വില ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചത്.
അത് ഉല്പാദനച്ചെലവും പകുതിയും ചേർന്ന വില എന്നാണ്. ഇപ്പോൾ ധനമന്ത്രി പാക്കേജ് വിശദീകരിച്ചപ്പോൾ വാചാലയായി വാഗ്ദാനം ചെയ്തത് ആകർഷകമായ വില നൽകുമെന്നാണ്.
സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ നിർദ്ദേശപ്രകാരമുള്ള വില ഉറപ്പുവരുത്തുമെന്ന സ്വന്തം തെരഞ്ഞെടുപ്പ് വാഗ്ദാനം മറച്ചുവെച്ച് ആകർഷകവിലയെന്ന പുതിയ വാചകം എഴുന്നള്ളിച്ചത് ഒരുതരം ഒളിച്ചോട്ടവും കബളിപ്പിക്കലുമാണെന്ന് വ്യക്തം. മാത്രവുമല്ല കാർഷികോല്പന്നങ്ങൾ വില്പന നടത്തുന്ന മണ്ടികൾ അഥവാ ചന്തകൾ നിയന്ത്രിക്കുന്നത് കച്ചവടക്കാരും അവരുടെ ഏജന്റുമാരുമാണ്.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും വിപണിയുടെ ചൂതാട്ടത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ സംഭരണ‑സംസ്കരണ‑വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നുമാണ് എൻഎഫ്‌സിയുടെ ശുപാർശ എന്നിരിക്കെ അതിനായുള്ള ഒരു നടപടിയും സ്വീകരിക്കാതെ 1975 മുതൽ നിലനിൽക്കുന്ന അവശ്യ ചരക്ക് നിയമം പരിഷ്കരിച്ച് എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്.
ഭക്ഷ്യധാന്യങ്ങൾ പൂഴ്‌ത്തിവയ്ക്കുകയും അമിതവിലയ്ക്ക് വിൽക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന ഈ നിയമം പരിഷ്കരിക്കുന്നതും നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതും കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും നടത്തുന്ന കുത്തക‑കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയുള്ളതാണ്.
കോവിഡും ലോക്ഡൗണും പ്രതിസന്ധിയിലാക്കിയ കർഷക-കർഷകതൊഴിലാളികൾ ഉൾപ്പെടുന്ന ഗ്രാമീണ ജനതയ്ക്ക് ജീവിക്കാൻ വേണ്ട സഹായങ്ങളൊന്നും നൽകാതെ വഞ്ചിക്കുകയും കോർപ്പറേറ്റ് ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു. സംഭരിക്കാനും സൂക്ഷിക്കാനും മതിയായ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ 30 ശതമാനം നശിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ കനത്ത നഷ്ടം ഒഴിവാക്കാനുള്ള ശ്രമങ്ങളൊന്നും ഇപ്പോഴും സ്വീകരിക്കുന്നില്ല.
സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി നടുവൊടിഞ്ഞും ശ്വാസംമുട്ടിയും കഴിയുന്ന സംസ്ഥാനങ്ങളെ സഹായിക്കാതെ ശിക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജനപക്ഷത്തുള്ള സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിർദ്ദേശിച്ചത് 7,500 രൂപയും 10 കിലോ ധാന്യവും ഉടൻ നൽകുകയും ഏതാനും മാസങ്ങളിൽ തുടരുകയും വേണമെന്നുമാണ്.
ജിഡിപിയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് ഇതിന് വേണ്ടിവരികയെന്നും വ്യക്തമാക്കിയിരുന്നു. 20 ലക്ഷം കോടി, ജിഡിപിയുടെ 10 ശതമാനം, സാമ്പത്തിക പാക്കേജ് അനുവദിക്കുന്നുവെന്നാണ് മെയ് 12 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കേന്ദ്ര ധനമന്ത്രി ദീർഘമായി വിശദീകരിക്കുകയും ചെയ്തു. നിർഭാഗ്യമെന്ന് പറയട്ടെ അടച്ചുപൂട്ടലിനെ തുടർന്ന് പെരുവഴിയിലാവുകയും പട്ടിണികൊണ്ട് നരകിക്കുകയും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ സംരക്ഷണകാര്യം പരിഗണിച്ചതേയില്ല.
ആർബിഐ, നബാർഡ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പകളും ബജറ്റിലൂടെ പ്രഖ്യാപിച്ച പല പദ്ധതികൾക്ക് നൽകുന്ന തുകയും ഉൾപ്പെട്ട കണക്കുകൾ ഉയർത്തിക്കാട്ടുന്ന വാചക കസർത്താണ് ധനമന്ത്രി നടത്തിയത്.
ഈ പ്രതിസന്ധിഘട്ടത്തിൽ കേരളം മാതൃകാപരമായത്, രോഗ പ്രതിരോധത്തിൽ മാത്ര മല്ല ജോലിയും വരുമാനവും നഷ്ടപ്പെട്ട പാവപ്പെട്ടവർക്കെല്ലാം ഭക്ഷ്യധാന്യങ്ങളും ധനസഹായവും നൽകി സംരക്ഷിച്ചുകൊണ്ടാണ്.
കൃഷി അവശ്യസർവ്വീസായി പ്രഖ്യാപിച്ച് നെല്ല് സംഭരണം പൂർത്തിയാക്കി. വിലത്തകർച്ചയിലും വിപണി നഷ്ടപ്പെട്ടും വിലപിച്ച കർഷകരുടെ ഉല്പന്നങ്ങൾ പാൽ, പൈനാപ്പിൾ, മാങ്ങ, പച്ചക്കറികൾ തുടങ്ങിയവ മിൽമ, വിഎഫ്‌പിസികെ, ഹോർട്ടികോർപ്പ് തുടങ്ങിയ സഹകരണ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി ഏറ്റെടുക്കാൻ തയ്യാറായി. വൻനാശവും നഷ്ടവും ഒഴിവാക്കി കർഷരെ സഹായിക്കാൻ കഴിഞ്ഞത് സിവിൽ സപ്ലൈസ് ഉൾപ്പെടെയുള്ള നമ്മുടെ പൊതുമേഖലയിലും സഹകരണമേഖലയിലുമുള്ള സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബന്ധതയോടെയുള്ള പ്രവർത്തനം കൊണ്ടാണ്. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സുഭിക്ഷാകേരളം പദ്ധതിക്ക് രൂപം നൽകി.
ഭക്ഷ്യോല്പാദനം മാത്രമല്ല സംഭരണം-സംസ്കരണം-വിതരണം, മൂല്യവർധിത ഉല്പന്നങ്ങളിലൂടെ വരുമാനം വർധിപ്പിക്കൽ എന്നിവയ്ക്കെല്ലാം മുൻഗണന നൽകി മുന്നോട്ടു പോവുകയാണ്. ആവശ്യമായ ഫണ്ട് അനുവദിച്ച് വിവിധ വകുപ്പുകാരെ ഏകോപിപ്പിച്ച് പദ്ധതി വിജയിപ്പിക്കാൻ ഇച്ഛാശക്തിയോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.