കർണ്ണാടകയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിക്കാൻ കഴുത്തറപ്പൻ ചാര്‍ജ്ജ്

കാഞ്ഞങ്ങാട്: കർണ്ണാടകയിലെ ശിവമോഗയിൽ കുടുങ്ങിയ മലയാളി നേഴ്സിങ്ങ് വിദ്യാർത്ഥിനികളെ സംസ്ഥാനാതിർത്തിയിലെത്തിക്കാൻ കർണ്ണാടക ട്രാൻസ്പോർട്ട് ബസുകളിൽ ഈടാക്കിയത് കഴുത്തറപ്പൻ നിരക്ക്. ശിവമോഗ ഭദ്രാവതി ഓൾഡ് ടൗണിലെ നിർമ്മല കോളേജ് ഓഫ് നേഴ്സിങ്ങിൽ പഠിക്കുന്ന 104 വിദ്യാർത്ഥിനികളെയാണ് വെള്ളിയാഴ്ച രാത്രിയോടെ കേരള-കർണ്ണാടക അതിർത്തിയിൽ പ്രത്യേക ബസുകളിൽ എത്തിച്ചത്.

മാധ്യമങ്ങളിൽക്കൂടി വിവരം പുറത്തറിഞ്ഞതോടെ കോഴിക്കോട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്നാണ് ഇവർക്ക് രക്ഷിതാക്കളോടൊപ്പം പോകാൻ കഴിഞ്ഞത്.

ശിവമോഗയിൽ നിന്ന് മംഗളൂരുവിലേക്ക് സാധാരണ നിലയിൽ ബസുകളുടെ ടിക്കറ്റ് നിരക്ക് 250 രൂപയാണ്. മംഗളൂരുവിൽ നിന്ന് ജില്ലാതിർത്തിയിലേക്ക് 300 രൂപയോളം ചെലവാകും. ഈ സ്ഥാനത്ത് ഓരോ വിദ്യാർത്ഥിനിയിൽ നിന്നും 1300 രൂപ വീതമാണ് സീറ്റൊന്നിന് ഈടാക്കിയത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ബസുകളിൽ കൂടുതൽ ആളെ കയറ്റുന്നതിന് തടസ്സമുണ്ടെങ്കിലും 1300 രൂപ എന്നത് സാധാരണ നിരക്കിന്റെ അഞ്ചിരട്ടിയോളം വരും. ആയിരം രൂപ തോതിലാണ് ആദ്യം ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് 1300 രൂപയാക്കി വർദ്ധിപ്പിക്കുകയായിരുന്നെന്നാണ് ശിവമോഗയിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ നേഴ്സിങ്ങ് വിദ്യാർത്ഥിനി അറിയിച്ചത്.

ശിവമോഗയിൽ നിന്നും തിരിച്ചെത്തിയ 104 അംഗ വിദ്യാർത്ഥി സംഘത്തിലുൾപ്പെട്ട കോഴിക്കോട് ജില്ലക്കാരായ 4 വിദ്യാർത്ഥിനികൾ ഇതിനിടെ അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങുകയും ചെയ്തു.

Read Previous

പച്ചക്കറി വാഹനത്തിൽനിന്ന് നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

Read Next

കാക്കിക്കുള്ളിൽ കാരുണ്യവുമായി അമ്പലത്തറ പോലീസ്