ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുമതി നൽകിയെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ലെന്ന് ഡ്രൈവർമാർ.
ആളുകൾ കാര്യമായി പുറത്തിറങ്ങാത്തതിനാൽ ഓട്ടം കിട്ടുന്നില്ലെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ 56 ദിവസമായി ഇവർക്ക് വരുമാനമില്ലായിരുന്നു. ഈ സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾക്കായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഓട്ടോകൾ സ്റ്റാൻഡിൽ നിരത്തിയിട്ട് ആരെങ്കിലും ഓട്ടം വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് എല്ലാവരും. കഴിഞ്ഞ 56 ദിവസമായി പുറത്തിറക്കാതിരുന്ന ഓട്ടോകൾ വായ്പ എടുത്ത പണം കൊണ്ട് അറ്റകുറ്റപ്പണികൾ തീർത്താണ് ഭൂരിപക്ഷവും നിരത്തിലിറക്കിയത്.
ഡ്രൈവറെ കൂടാതെ ഒരാൾക്ക് മാത്രമാണ് ഓട്ടോയിൽ യാത്ര ചെയ്യാനുള്ള അനുവാദം. സാമൂഹ്യ അകലം പാലിച്ച് ഇരിക്കാൻ സാധിക്കുമെന്നതിനാൽ ഇത് രണ്ടാക്കി ഉയർത്തണമെന്ന് ഡ്രൈവർ മാർ ആവശ്യപ്പെടുന്നു. ഷേമനിധി അംഗത്വമുള്ള ഡ്രൈവർമാർക്ക് രണ്ടായിരം രൂപ നൽകിയിരുന്നുവെങ്കിലും സംസ്ഥാനത്തുള്ള ഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാരും ക്ഷേമനിധിയിലില്ല. ഈ സാഹചര്യത്തിൽ എല്ലാവരെയും ഉൾപ്പെടുത്തി സാമ്പത്തിക സഹായ പാക്കേജ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കാഞ്ഞങ്ങാട് നഗരത്തിലെ ചുരുക്കം ചില സ്റ്റാന്റുകളിൽ മാത്രമാണ് കഴിഞ്ഞ ദിവസം ഓട്ടോകളെത്തിയത്. അവർക്ക് തന്നെ കാര്യമായ ഓട്ടം ലഭിച്ചില്ലെന്ന് പറയുന്നു. കോവിഡിന് മുൻപ് 500, 700 രൂപ വരെ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ പകുതിപോലും ലഭിക്കാൻ സാധ്യതയില്ലെന്ന് ഡ്രൈവർമാർ പറയുന്നു. ചെമ്മട്ടംവയൽ, മാവുങ്കാൽ, കുന്നുമ്മൽ, വെള്ളിക്കോത്ത് എന്നിവിടങ്ങളിലും ഓട്ടോകൾ നാമമാത്രമായിരുന്നു.
കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നതിനാൽ ഓട്ടം കുറവാണെന്നാണ് ഇവരും പറയുന്നത്. വരും ദിവസങ്ങളിൽ സ്ഥിതിയിൽ മാറ്റം വരുമെന്ന് പ്രതീക്ഷയിലാണ് ഓട്ടോ തൊഴിലാളികൾ.