എം.എൽ.ഏയെ പേടിച്ച പോലീസ്

എന്താണിത് –? പണ്ടെങ്ങുമില്ലാതിരുന്ന പുതിയ സംഭവ വികാസങ്ങളാണല്ലോ കേരളാ പോലീസിനെ ഇന്ന് ഗ്രസിച്ചിരിക്കുന്നത്.

ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം  മുടക്കി വഞ്ചിക്കപ്പെട്ട നിരവധി പേർ ജില്ലാ പോലീസ് മേധാവിയെ നേരിൽക്കണ്ട് സങ്കടമറിയിച്ച് വിറയാർന്ന കൈകളോടെ നൽകിയ  പരാതികളിൽ കേസ്സില്ലെന്ന് സ്വയം തീരുമാനിച്ച് ആ പരാതികളത്രയും  ഒരു മാസക്കാലം  പോലീസ് സ്റ്റേഷനിൽ കെട്ടിവെക്കുകയും,അതുവഴിപാടെ നീതി നിയമ വ്യവസ്ഥകൾ പാടെ അട്ടിമറിക്കുകയും  ചെയ്ത സംഭവം ഗുരുതരമാണ്.

ഗൾഫിലെ മണലാരണ്യത്തിൽ  ചോര വിയർപ്പാക്കി  അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തം മക്കളുടെ വിവാഹത്തിന് സ്വർണ്ണം വാങ്ങാനെങ്കിലും, ഉപകരിക്കുമെന്ന് കരുതിയ പ്രവാസികളാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിയ ലാഭവിഹിതമെന്ന നാടുനടുങ്ങിയ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുന്നത്.

പലിശ പോകട്ടെ ജ്വല്ലറിയുടമകളുടെ കൈയ്യിൽ വിശ്വസിച്ചേൽപ്പിച്ച  പണമെങ്കിലും തിരിച്ചു കിട്ടാനാണ് വഞ്ചിതരായവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ക്രിമിനൽ കുറ്റം ഇന്ത്യൻ ശിക്ഷാനിയമം 402,406 ചതിയും വഞ്ചനയും ഉൾപ്പെടുത്തി ഈ തട്ടിപ്പിലുൾപ്പെട്ട പ്രതികൾക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് നീതി ഉയർത്തിപ്പിടിക്കാൻ ബാദ്ധ്യതയുളള പോലീസ് തന്നെ തട്ടിപ്പുകാരായ പ്രമാണിമാരുടെ തോളിൽ കൈയ്യിട്ട് സുഖിക്കുന്ന കാഴ്ച നവോത്ഥാന കേരളത്തിന് ഒട്ടും ചേർന്നതല്ല.

പോലീസ് ഈ തട്ടിപ്പു കേസ്സിൽ ഒപ്പം നിൽക്കേണ്ടത് പരാതിക്കാരുടെ കൂടെയാണെന്ന് അത്യാവശ്യം അരിയാഹാരം കഴിക്കുന്ന കേരള ജനതയ്ക്ക് നന്നായറിയാം.  ഫാഷൻ ഗോൾഡ് പരാതിയിൽ പോലീസ് കളിച്ച കളിനടുക്കുന്നതും പോലീസ് സേനയ്ക്ക് ഏറെ നാണക്കേടുണ്ടാക്കുന്നതുമാണ്.

പൂട്ടും താക്കോലും കൈയ്യിൽക്കിട്ടിയ കവർച്ചക്കാരന്റെ ഞാണിൻമേൽ കളിയാണ് ഫാഷൻ ഗോൾഡ് പരാതികളിൽ  ചന്തേര ഐപി അതിവിദഗ്ധമായി കളിച്ചത്.

പ്രോസിക്യൂട്ടറുടെ ഒപ്പീനിയൻ തേടൽ  എന്നൊരു പരിപാടി കേസ്സ് റജിസ്റ്റർ ചെയ്യാൻ അന്നും ഇന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ ക്രിമിനൽ നടപടി ചട്ടങ്ങളിൽ പോലീസ് തന്നെ പുതിയ ഒപ്പീനിയൻ നിയമം എഴുതിച്ചേർക്കുകയായിരുന്നു.

“എന്റെ ഭർത്താവിനെ ഒരാൾ അടിച്ചു കൊന്നുവെന്ന്  കാക്കിയുടുപ്പിട്ട  പോലീസുദ്യോഗസ്ഥന് കൊലചെയ്യപ്പെട്ടയാളുടെ ഭാര്യ എഴുതിക്കൊടുക്കണമെന്ന്  പോലുമില്ല.

ഉദ്യോഗസ്്ഥനോട് ഫോണിൽ വാക്കാൽ പറഞ്ഞാൽ മതിയെന്ന് മാത്രം ഇടയ്ക്കിടെ കേരള ജനതയെ ഒാർമ്മിപ്പിക്കുന്ന കരുത്തനായ പോലീസ് മേധാവിയാണ് കേരള പോലീസിന്റെ  തലപ്പത്തുളളത്.പരാതിക്കാരുടെ വീട്ടിലെത്തി മൊഴി സ്വീകരിച്ച് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയാണ് പോലീസുദ്യോഗസ്ഥന്റെ കടമയും കർത്തവ്യവും.

ഇവിടെ നിക്ഷേപകരിൽ നിന്ന് ഫാഷൻ ഗോൾഡ് തട്ടിപ്പുകാർ അതിവിദഗ്ധമായി ശേഖരിച്ചത് നൂറുകോടി രൂപയാണ്.

കേരളത്തെയല്ല, രാജ്യത്തെ തന്നെ നടുക്കിയ ഈ നൂറുകോടി രൂപയുടെ ഫാഷൻ തട്ടിപ്പിലുൾപ്പെട്ട  പ്രതികളിൽ എം.എൽ.ഏയുണ്ടോ മന്ത്രിയുണ്ടോ എന്നതല്ല വിഷയം ഇനി മന്ത്രിതട്ടിപ്പു നടത്തിയാൽപ്പോലും  ആ തട്ടിപ്പുകാരന്റെ കൈകളിൽ ഉറപ്പുളള ആമം വെച്ച് റോഡിലൂടെ ജനങ്ങൾ കാൺകെ നടത്തിച്ച് കോടതിയിലെത്തിക്കുകയാണ് പോലീസുദ്യോഗസ്ഥന്റെ ചങ്കുറ്റം .

അതല്ലാതെ , പ്രതിപ്പട്ടികയിലുളള മന്ത്രിയുടെയും, മന്ത്രവാദിയുടെയും  വീട്ടിലൊരുക്കിവെച്ച ചൂടുള്ള കോഴിബിരിയാണി രുചിക്കാൻ രാത്രി കാക്കിക്ക്  പുറത്ത് തലയിൽ മുണ്ടിട്ടു കയറിക്കൂടുന്നത് പോലീസിന് ഒട്ടും ചേർന്ന പണിയല്ല .

എം.എൽ.ഏയെ ഒരു പോലീസുദ്യോഗസ്ഥൻ പേടിച്ചാൽ മന്ത്രിയേയും കേന്ദ്രമന്ത്രിയേയും എത്ര കണ്ട് പേടിക്കേണ്ടിവരും?

ഇത്രമാത്രം  പേടിയുളളവർ എന്തിനാണ് പോലീസ് സേനയിൽ ചേർന്ന് കാക്കിയുടുപ്പിട്ടത്? പണമുണ്ടാക്കാനാണ് പോലീസുദ്യോഗസ്ഥന്റെ  ലക്ഷ്യമെങ്കിൽ ആയതിന് എന്തെല്ലാം വേറെ പണികൾ നാട്ടിലുണ്ട്.

ഇനി ഒരു പോലീസുദ്യോഗസ്ഥൻ പണമുണ്ടാക്കാൻ സർക്കാർ നൽകിയ കാക്കിയുടുപ്പിനെ പണയം വെക്കുകയാണെങ്കിൽ ആ ഉദ്യോഗസ്ഥന്റെ  മുകളിലിരിക്കുന്നവർക്ക് വളഞ്ഞ വഴികൾ പണം വരുന്ന വഴികൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയണം.

ഇത് പഴയകാലമല്ല ചെറുതായൊന്നു മിണ്ടിയാൽ സംഗതികൾ ചിത്രങ്ങൾ സഹിതം പുറത്തു വരുന്ന സൂപ്പർസോണിക് യുഗത്തിലാണ് പോലീസിനേക്കാൾ ബുദ്ധിയുളള ജനങ്ങൾ ജീവിക്കുന്നതെന്ന് അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥർ ഇനിയെങ്കിലും തിരിച്ചരിയണം.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊലയിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ

Read Next

നിഖില വിമലിന്റെ രണ്ടാമത്തെ തമിഴ് ചിത്രം’ഒമ്പതു കുഴി സമ്പത്ത്’