ആഘോഷം അതിരുകടക്കരുത്

മലയാളക്കരയുടെ ദേശീയോത്സവമായ ഓണം പടിവാതിൽക്കലെത്തി നിൽക്കുകയാണ്. അത്തം മുതൽ പത്തുദിവസം ഓണമാഘോഷിക്കുന്ന കേരളത്തിൽ ഇക്കുറി ആഘോഷങ്ങൾക്ക് നിറം കുറയുമെങ്കിലും, കച്ചവട സ്ഥാപനങ്ങളിലും, വസ്ത്ര വിപണന ശാലകളിലും, തിരക്ക് കുറയാൻ വലിയ സാധ്യതയൊന്നും കാണുന്നില്ല.

കോവിഡ് വ്യാപനം അതിഭീഷണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിരുവിട്ട ആഘോഷങ്ങൾ വേണമോ വേേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്  മലയാളി സമൂഹമാണ്. ആരിൽ നിന്നും, എവിടെ നിന്നും രോഗം പകർന്നേക്കാമെന്ന സാഹചര്യത്തിൽ ആഘോഷങ്ങളിലെ അമിതാഹ്ലാദം നല്ലതാണോയെന്ന് ഓരോരുത്തരും പരിശോധിക്കേണ്ടതാണ്.

ഓണത്തിന്റെ പശ്ചാത്തലത്തിൽ കച്ചവട കേന്ദ്രങ്ങളിൽ പോലീസ് ചില നിയന്ത്രണ രേഖകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുജനത്തിന്റെ സഹകരണമില്ലാതെ ഇവയൊന്നും പ്രാവർത്തികമാക്കാൻ പറ്റില്ല. പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾക്ക് നേരെ നിസ്സംഗത കാണിച്ചാൽ കേരളം കൂട്ടക്കുഴിമാടങ്ങൾക്ക് സാക്ഷിയാകേണ്ടി വരും.

സാഹചര്യം മനസ്സിലാക്കി പെരുമാറാനുള്ള ഔചിത്വം പ്രകടിപ്പിച്ചാൽ ഈ പ്രതിസന്ധി കാലവും നമുക്ക് തരണം ചെയ്യാൻ പറ്റും. ദിനം പ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുകയും, മരണനിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവേക പൂർണ്ണമായ നിലപാടാണ് ഓരോ മലയാളിയും കാണിക്കേണ്ടത്.

ഓണം വിപണികളുടെ ഉത്സവമാണ്. ഓഫറുകൾ കാണിച്ച് മലയാളികളെ മാടി വിളിക്കുന്ന ഓണ വിപണിയിലേക്ക് പുറപ്പെടും മുമ്പ് ഓരോരുത്തരും സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ആൾക്കൂട്ടത്തിരക്കുകളിലലിയുന്ന പതിവ് ആഘോഷശൈലികൾ മാറ്റിവെച്ച് ഓരോരുത്തരും സർക്കാർ നിർദ്ദേശിക്കുന്ന സാമൂഹ്യ അകലം പാലിച്ച് പൊതുസ്ഥലങ്ങളിൽ പെരുമാറി രോഗവ്യാപന ഭീഷണിയിൽ നിന്നും സ്വയം ഒഴിവാകേണ്ടതാണ്.

പോലീസ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ യഥാവിധി അനുസരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് മറക്കാതിരുന്നാൽ നന്ന്. പൊതുജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് സർക്കാർ നിർദ്ദേശങ്ങളെന്ന് തിരിച്ചറിവ് കൂടി കമ്പോളങ്ങളിലെത്തുന്നവർക്കുണ്ടാകേണ്ടതാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് പോലീസിന്റെ  ഉത്തരവാദിത്തമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ പൊതുഇടങ്ങളിലെത്തുന്നവരും ശ്രദ്ധിക്കേണ്ടതാണ്.

ഇനിയും ഒരുപാട് ഓണങ്ങാളോഘിക്കാൻ ഇക്കുറി അൽപ്പം ജാഗ്രത കൂടി പുലർത്താൻ ജനങ്ങൾ തയ്യാറാകേണ്ടിയിരിക്കുന്നു. അത്രയ്ക്ക് പേടിക്കേണ്ട സാഹചര്യമാണ് നിലവിവുള്ളതെന്ന് ആരും മറക്കരുത്.

LatestDaily

Read Previous

ന്യായാധിപര്‍ അന്യായം പറയുമ്പോള്‍

Read Next

ഭാസ്ക്കരന്റെ ആത്മഹത്യ കടബാധ്യത മൂലം