അസിസ്റ്റന്റ് എൻജിനീയറുടെ പിടിവാശി പിടിഏ കമ്മിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടം

പള്ളിക്കര: ഗ്രാമപഞ്ചായത്തിലെ എൽ.എസ്.ജി.ഡി എൻജിനീയറുടെ പിടിവാശി കാരണം പി.ടി.എ കമ്മിറ്റിക്ക്  ലക്ഷങ്ങളുടെ നഷ്ടം. പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ എൽ.എസ്.ജി.ഡി എൻജിനീയറുടെ നടപടി മൂലം കീക്കാൻ  രാമചന്ദ്ര റാവു മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ പിടിഎ കമ്മിറ്റിയാണ് പുലിവാല് പിടിച്ചിരിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കീക്കാൻ സ്കൂളിന് 2 ക്ലാസ് മുറികൾ അനുവദിച്ചിരുന്നു 12 ലക്ഷത്തി അമ്പതിനായിരം രൂപ എസ്റ്റിമേറ്റ് ഉള്ളതിൽ ഒരു ലക്ഷം രൂപ  ഇലക്ട്രിക്കൽ വർക്കിനായി നീക്കിവെച്ചിരുന്നു അത് കമ്മിറ്റി വർക്കിൽ  ഉൾപ്പെടുത്തിയിരുന്നില്ല.

2018 ഒക്ടോബറിൽ കമ്മിറ്റി പഞ്ചായത്തുമായി എഗ്രിമെന്റ് വെച്ച് ഡിസംബർ മാസത്തോടെ ആരംഭിച്ച പണി 2020 മാർച്ച് മാസത്തിൽ പൂർത്തീകരിക്കുകയും മാർച്ച് 30ന് കെ കുഞ്ഞിരാമൻ എം എൽ ഏയുടെ അധ്യക്ഷതയിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനെ  കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനും രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനും തീരുമാനിച്ചിരുന്നു. കോവിഡ് -19 വ്യാപനം മൂലം സമ്പൂർണ്ണ ലോക്ക്ഡോൺ പ്രഖ്യാപിച്ചതിനാൽ ഉദ്ഘാടനം നടന്നിരുന്നില്ല. 12 ലക്ഷത്തിൽ അധികം തുക ചിലവഴിച്ച്  നിർമ്മാണം പൂർത്തിയാക്കി അതിന്റെ മുഴുവൻ ബില്ലുകളും എൻജിനീയർ സമക്ഷം സമർപ്പിച്ചെങ്കിലും, രണ്ടുതവണയായി 5,95,000 രൂപ മാത്രമാണ് കമ്മിറ്റിക്ക് അനുവദിച്ചു കിട്ടിയത്. കമ്മിറ്റി വർക്കുകൾക്ക് സാധാരണയായി അനുവദിക്കാറുള്ള അഡ്വാൻസ് തുകയും ഇവിടെ അനുവദിച്ചിട്ടില്ല.

മുഴുവൻ ബിൽ തുകയും അനുവദിച്ചു കിട്ടുന്നതിനായി പിടിഎ കമ്മിറ്റി ഭാരവാഹികൾ പലതവണ അസിസ്റ്റന്റ് എൻജിനീയറെ സമീപിച്ചെങ്കിലും, നിഷേധാത്മകമായ നിലപാട് തുടരുകയായിരുന്നു. കമ്മിറ്റി ഭാരവാഹികൾ കെ കുഞ്ഞിരാമൻ എം എൽ ഏയെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട്  കെട്ടിടം പരിശോധിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി ഭാരവാഹികളുടെയും പിടിഎ കമ്മിറ്റി ഭാരവാഹികളുടെയും അസിസ്റ്റന്റ് എൻജിനീയറുടെയും സാന്നിധ്യത്തിൽ  കെട്ടിടം പരിശോധിക്കുകയും പറയാനുള്ളത് കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തെറ്റുകൾ തിരുത്തി എത്രയും വേഗം ബിൽ തുക അനുവദിച്ചു കൊടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് പിടിഎ കമ്മിറ്റി ഭാരവാഹികൾ എ.ഇ.യെ സമീപിച്ചപ്പോഴാണ് അവർ ആദ്യം സമർപ്പിച്ച 4,37,023 രൂപയുടെ ബിൽ ഒഴികെ മുഴുവൻ ഒറിജിനൽ ബില്ലും മിനുട്ട്സ് ബുക്കും അദ്ദേഹത്തിന്റെ പക്കൽ കാണാനില്ലെന്ന് അറിയുന്നത്.

പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ പിടിഎ കമ്മിറ്റി സെക്രട്ടറി 2020 മാർച്ച് 3 ന് സമർപ്പിച്ച മുഴുവൻ രേഖകളും മാർച്ച് 5 ന് എ ഇ ഏറ്റു വാങ്ങിയതായി പഞ്ചായത്തിൽ രേഖയുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹെഡ്മസ്റ്റർ റിട്ടയർ ചെയ്തിട്ടും പ്രതിസന്ധി ഒഴിഞ്ഞില്ല. ഹെഡ്മാസ്റ്ററായിരുന്ന പി മണികണ്ഠൻ മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുമ്പോൾ, എ ഇ അവസാന നിമിഷമെങ്കിലും പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ച പിടിഎ കമ്മിറ്റി ബന്ധപ്പെട്ടവർക്ക് എതിരെ നിയമനടപടികൾക്കും പ്രത്യക്ഷ സമരപരിപാടികൾക്കും  തയ്യാറെടുക്കുകയാണ്.

LatestDaily

Read Previous

രൂപശ്രീ കൊലക്കേസ്സ് വിചാരണ ഉടൻ

Read Next

മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി പ്രാർത്ഥിച്ചു