അന്ധവിശ്വാസങ്ങൾ തടയണം

വിശ്വസിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണെങ്കിലും, അതിര് കടന്ന വിശ്വാസ പ്രമാണങ്ങളെ അത്രകണ്ട് അംഗീകരിച്ച് കൊടുക്കുന്നത് അപകടങ്ങൾക്ക് വഴി വെയ്ക്കുമെന്നാണ് സമീപകാല സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.

ഇതിന്റെ കേരളത്തിൽ നിന്നുള്ള ഉദാഹരണമാണ് കോവിഡ് മാറാൻ പ്രാർത്ഥന നടത്തിയ പാസ്റ്ററുടേത്. മുഖാവരണം പോലും ധരിക്കാതെ നിരവധി പേരുടെ തലയിൽ കൈവെച്ച് പ്രാർത്ഥിച്ച പാസ്റ്റർക്ക് അനുഗ്രഹവരത്തിന് പകരം കിട്ടിയത് കോവിഡ് ബാധയെന്ന  ശിക്ഷാവരമാണെന്ന് കേരളം കണ്ടുകഴിഞ്ഞു.

ചൊവ്വയിൽ ഉപഗ്രഹമിറങ്ങിയിട്ടും ചൊവ്വാദോഷത്തെക്കുറിച്ച്  ആകുലപ്പെടുന്നവരുള്ള നാട്ടിൽ കോവിഡ് ദൈവശാപമാണെന്ന് പറയുന്നത് കടന്ന കയ്യാണെന്ന് പറയാൻ പറ്റില്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോഴും  ചിലരുടെ  തലച്ചോറ്് പതിനേഴാം നൂറ്റാണ്ടിൽ നിന്നും പുറപ്പെട്ടിട്ടില്ലെന്ന് വേണം കരുതാൻ.

രാമക്ഷേത്ര നിർമ്മാണമാരംഭിച്ചാൽ കോവിഡ് രോഗം കുറയുമെന്ന രീതിയിൽ ബിജെപി നേതാവിന്റെ പ്രസ്താവന വനന്ത് കഴിഞ്ഞയാഴ്ചയാണ്. പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പേ രാമക്ഷേത്ര നിർമ്മാണത്തിന്റെ പൂജ നടത്തേണ്ട പൂജാരിക്ക് കോവിഡ് രോഗം വന്ന വാർത്തയും മാധ്യമങ്ങൾ വഴി പുറം ലോകമറിഞ്ഞു.

വിശ്വസിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അതിരു കടന്ന വിശ്വാസം ആത്മഹത്യാപരമായിരിക്കുമെന്നാണ് സമീപകാല സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. അതിനാൽ ശാസ്ത്രീയമായി നിലനിൽപ്പില്ലാത്ത വിശ്വാസ പ്രമാണങ്ങളെ പുറംകാൽകൊണ്ട് കുടഞ്ഞെറിയാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.

കോവിഡ് രോഗ നിരക്കിന്റെ ഗ്രാഫ് അപകടകരമായി മേലോട്ടുയരുമ്പോഴും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരുടെ മനോനില പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. മുഴുവൻ ദൈവത്തിന് വിട്ടുകൊടുത്ത് കയ്യും കെട്ടി നോക്കിയരുന്നാൽ മതവിശ്വാസികളുടെ ദൈവത്തിന് പോലും അവരെ രക്ഷിക്കാൻ കഴിയാതെ വരും.

ഏത് അധികാരസ്ഥാനങ്ങളും കോവിഡ് രോഗത്തിന് അപ്രാപ്യമല്ലെന്നാണ് സമീപകാല ഉദാഹരണങ്ങൾ വഴി വ്യക്തമാകുന്നത്. കർശന സുരക്ഷാ സംവിധാനങ്ങളുള്ള നേതാക്കൾക്ക് പോലും രോഗം പകരുന്നത്  സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന സംഭവങ്ങളാണ്.

കേരളത്തിൽ കോവിഡ് രോഗം പടർന്നതിന് കാരണം അയ്യപ്പശാപമാണെന്ന്  പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ലോകരാജ്യങ്ങളെ മുഴുവൻ ഗ്രസിച്ച കൊറോണ വൈറസിന് പിന്നിൽ ഏത് ശാപമാണെന്നത് വ്യക്തമാക്കേണ്ടത് ഇത് പ്രചരിപ്പിക്കുന്നവർ തന്നെയാണ്.

അന്ധവിശ്വാസങ്ങൾ നിറഞ്ഞ പഴയ നൂറ്റാണ്ടുകളിലേക്കുള്ള തിരിച്ചുപോക്കാണ് ഇത്തരം സന്ദേശങ്ങൾ ലക്ഷ്യമിടുന്നത്. ലോകം ആർജ്ജിച്ച ശാസ്ത്രപുരോഗതികളെ പിന്നോട്ട് വലിക്കുകയും, പകരം ശാസ്ത്രീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത വിശ്വാസ പ്രമാണങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആധുനിക ലോകത്തിന് ഭൂഷണമല്ല.

LatestDaily

Read Previous

കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയയായി മലയാളി യുവതി

Read Next

യുവാവ് കരൾരോഗം ബാധിച്ച് മരിച്ചു