അഞ്ജന ഭയപ്പെട്ട അയാൾ ആര്?

Anjana Hairsh

കാഞ്ഞങ്ങാട്: ജീവിതമവസാനിപ്പിച്ച അഞ്ജന ഹരീഷ് ഗോവയിൽ കൂട്ടുകാരോടൊപ്പമെത്തിയത് സിനിമയുടെ തിരക്കഥ രചനയ്ക്കെന്ന പേരിൽ. കൂട്ടുകാരായ ശബരി, ആതിര, നസീമ നസ്്റീൻ എന്നിവരാണ് തിരക്കഥാ രചനയ്ക്കെന്ന് പറഞ്ഞ് അഞ്ജനയേയും കൂട്ടി ഗോവയിലെ റിസോർട്ടിലെത്തിയത്. തിരുവനന്തപുരം സ്വദേശിയായ സുഹൃത്തുമായി ഏറ്റവുമൊടുവിൽ അഞ്ജന നടത്തിയ സംഭാഷണത്തിലാണ് അവൾ ആരെയോ ഭയപ്പെട്ടിരുന്നതായി സൂചനയുള്ളത്.

സുഹൃത്തിനെ വിളിച്ച് അവൾ അറിയിച്ചത് ഇനി 12 ദിവസം കൂടി ഗോവയിൽ താമസിക്കേണ്ടി വരുമെന്നാണ്. അതിനിടയിൽ തനിക്കെന്തെങ്കിലും, സംഭവിച്ചാലോ എന്ന ആശങ്ക അഞ്ജന സുഹൃത്തുമായി പങ്കുവെച്ചിരുന്നു. കേസ് കൊടുക്കാൻ തനിക്ക് പേടിയാണെന്നും അയാളെ നിനക്കറിയില്ല എന്നുമാണ് യുവതി തിരുവനന്തപുരത്തെ സുഹൃത്തിനോട് പറഞ്ഞത്.

ഗോവയിൽ നിന്നും ഒറ്റയ്ക്ക് തിരികെ വരാൻ കുഞ്ഞു എന്ന് അഞ്ജന വിളിച്ചിരുന്ന നസീമ നസ്്റീൻ സമ്മതിച്ചിരുന്നില്ലെന്നും, തനിക്കെന്ത് സംഭവിച്ചാലും, കുഞ്ഞു സമാധാനം പറയും എന്നുമാണ് ഏറ്റവുമൊടുവിലത്തെ ഫോൺവിളിയിൽ അഞ്ജന പറഞ്ഞതെന്ന് ഇവരുടെ തിരുവനന്തപുരം സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

അഞ്ജന ഭയന്നിരുന്ന ‘അയാൾ’ ആരെന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രസ്തുത ഫോൺ സന്ദേശം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. കുഞ്ഞു എന്ന നസീമ അഞ്ജനയെ ഗോവയിൽ പിടിച്ചു നിർത്തിയത് എന്തിനായിരുന്നുവെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. അഞ്ജന സന്തോഷവതിയായിരുന്നെന്നാണ് അവരോടൊപ്പമുണ്ടായിരുന്ന കൂട്ടുകാർ അവകാശപ്പെടുന്നത്. യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്തെന്ന് വ്യക്തമാകണമെങ്കിൽ ഒപ്പമുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും.

മകളെ കാണാതായെന്ന മാതാവ് മിനിയുടെ നേരത്തെ പരാതിയിൽ പോലീസ് നിർദ്ദേശ പ്രകാരം കോടതിയിൽ ഹാജരായ അഞ്ജന ഒടുവിൽ കോടതിയിൽ നിന്നും ഇറങ്ങിപ്പോയത് സുഹൃത്തായ ഗാർഗിക്കൊപ്പമായിരുന്നു.

മുൻ നക്സലൈറ്റ് നേതാവായ കെ. അജിതയുടെ മകളാണ് ഗാർഗി. മാതാവിനെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അഞ്ജന ഗോവയിൽ എത്തിയതെങ്ങനെയെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണ്. അഞ്ജനയെ രക്ഷിതാക്കൾ ലഹരി മുക്ത കേന്ദ്രത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച സമയത്ത് ഗാർഗിയും, കൂട്ടുകാരിയായ ഐശ്വര്യ ലക്ഷ്മി എന്നിവരും ചേർന്ന് അഞ്ജനയുടെ തളിപ്പറമ്പിലെ തറവാട്ട് വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു.

അഞ്ജന ഹരീഷ് എവിടെയെന്ന സംശയവുമായി സ്ഥലത്തെത്തി ഇരുവരും ചേർന്ന് അഞ്ജനയുടെ അമ്മൂമ്മ താമസിക്കുന്ന തളിപ്പറമ്പിലെ വീട്ടിലെത്തി അവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ദുരൂഹതയുടെ ചങ്ങലക്കുരുക്കുകൾ അവശേഷിപ്പിച്ചാണ് അഞ്ജന പരലോകത്തേയ്ക്ക് യാത്രയായത്.

LatestDaily

Read Previous

ഗൾഫ് സമ്മാനപ്പെട്ടിയും ഓർമ്മകളിലേക്ക്

Read Next

തന്തക്ക് വിളിച്ച എസ്ഐയുടെ ബന്ധുവിന് പിഴ