സിപി എം ആഹ്വാനപ്രകാരം ജില്ലയിൽ ഒരുങ്ങുന്നത് കൃഷി വിപ്ലവം

കാഞ്ഞങ്ങാട്: കോവിഡ് കാലത്തിനു ശേഷം വരാനിരിക്കുന്ന ഭക്ഷ്യക്ഷാമത്തെ  മുന്നിൽ കണ്ട്  മുഖ്യമന്ത്രി നൽകിയ മുന്നറിയിപ്പിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ കാർഷിക മേഖലയിൽ വൻ കുതിപ്പ് . കോവിഡ് കാലത്തിന് ശേഷം  സംഭവിച്ചേക്കാവുന്ന ഭക്ഷ്യ വസ്തു ദൗർലഭ്യത്തെ മുൻ നിർത്തിയാണ് മുഖ്യ മന്ത്രി പിണറായി വിജയൻ കാർഷിക മേഖലയിലേക്ക്  തിരിയേണ്ടതിന്റെ  ആവശ്യകത പൊതു ജനത്തെ അറിയിച്ചത്. സംസ്ഥാനത്തുടനീളം മികച്ച പ്രതികരണമാണ് മുഖ്യ മന്ത്രിയുടെ നിർദ്ദേശത്തിന്  ലഭിച്ചത്. കാസർകോട് ജില്ലയിൽ സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇതുവരെ 5389 ഏക്കറിലാണ് നെൽകൃഷിയടക്കം ഒരുക്കിയത്. സിപിഎം ജില്ലാക്കമ്മിറ്റിക്ക് കീഴിലെ വിവിധ ഏരിയകളിലും, ലോക്കൽ തലത്തിലും, ബ്രാഞ്ച് തലത്തിലും ഈ സന്ദേശം എത്തിയിരുന്നു.

നെല്ല്, കപ്പ, പച്ചക്കറികൾ മുതലായ ഭക്ഷ്യ വസ്തുക്കളാണ് ജില്ലയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. തരിശു നിലങ്ങളിലെ നെൽകൃഷിക്ക് പുറമെ കര പ്രദേശങ്ങളിലെ പുനം കൃഷിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഏഴ് മുതൽ 9 ഏക്കർ വരെ  നെൽകൃഷിയൊരുക്കിയ ഏരിയകൾ കാസർകോട് ജില്ലയിലുണ്ട്.  ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട്  നടത്തിയ പരിപാടിക്ക് ജില്ലയിൽ  മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി.  ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട്  നടത്തുന്ന കാർഷിക പദ്ധതിയിൽ  സഹകരണ സംഘങ്ങൾ വരെ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് മിക്ക സ്ഥലങ്ങളിലും കൃഷി നടത്തിയത്. വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. സിപിഎം ആഹ്വാനം  ചെയ്ത കൃഷി പദ്ധതിക്ക് പുറമെ യുവജന സംഘടനയായ ഡി വൈഎഫ് ഐ നടത്തിയ സേവനവും ശ്രേദ്ധേയമായിരുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റും, മീൻകച്ചവടം നടത്തിയും,  കൂലിപ്പണിയെടുത്തും, ഡിവൈഎഫ് ഐ മുഖ്യമന്ത്രി യുടെ  ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത് 5 കോടി രൂപയാണ്. സംസ്ഥാനത്തെ മറ്റ് യുവജന സംഘടനകൾ കോവിഡ് കാലത്ത് രാഷ്ട്രീയം  കളിച്ചു നടന്നപ്പോഴാണ് ഡി വൈ എഫ് ഐ നിശബ്ദ സേവനത്തിലൂടെ 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചത്.

LatestDaily

Read Previous

നഗരസഭാ തെരഞ്ഞെടുപ്പിൽ ലീഗിലെ പ്രമുഖർക്ക് സീറ്റ് കിട്ടില്ല

Read Next

മെട്രോ മുഹമ്മദ് ഹാജിയെ അനുസ്മരിച്ച് സൗത്ത് ചിത്താരി