കോവിഡ്: ആയുർവ്വേദ മരുന്ന് പരീക്ഷണം സ്വാഗതാർഹം

കഞ്ഞങ്ങാട്: ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരി കോവിഡിനെ പ്രതിരോധിക്കാൻ, മൂന്ന് പ്രധാന ആയുർവ്വേദ മരുന്നുകൾ കേന്ദ്രസർക്കാർ പരീക്ഷിച്ചുവരുന്നത് സ്വാഗതാർഹമാണെന്ന് മുതിർന്ന ആയുർവ്വേദ ഭിഷഗ്വരൻ ഡോ. വി. സുകുമാരൻ പൊള്ളക്കട പറഞ്ഞു. അമുക്കുരം എന്ന അശ്വഗന്ധം, ചിറ്റമൃത്, പിപ്പലി എന്നീ ആയുർവ്വേദ ഔഷധങ്ങളാണ് കേന്ദ്രസർക്കാറിന്റെ ആയുഷ് മന്ത്രാലയം കോവിഡ് രോഗത്തിന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

ഈ മരുന്നുകളിൽ അമുക്കുരം ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, മാനസിക വ്യഥ നിയന്ത്രിക്കാനും വാർദ്ധക്യത്തെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ്. പരീക്ഷണത്തിലുള്ള മറ്റൊരു മരുന്ന് ചിറ്റമൃതാണ്. ശരീരത്തിന്റെ മിത ശീതോഷ്ണം നിലനിർത്താനും പനിയെ പ്രതിരോധിക്കാനും ചിറ്റമൃതിന് കഴിവുണ്ട്.

പിപ്പലി മരുന്ന് ശരീരത്തിന്റെ താപനില പിടിച്ചു നിർത്തും. വിശപ്പ് വർദ്ധിപ്പിക്കും. വാതരോഗത്തെയും കഫക്കെട്ടിനെയും ചെറുക്കും. ഉദരത്തിലെ കൃമികീടങ്ങളെ ചെറുക്കുകയും ചെയ്യും. അലോപ്പതി മേഖലയിൽ കോവിഡിനുള്ള മരുന്നുകൾ ലോകം പരീക്ഷിച്ചുവരുന്നതിനിടയിൽ ആയുർവ്വേദത്തിന്റെ അനന്ത സാദ്ധ്യതകൾ കൂടി ഭാരത സർക്കാറിന്റെ ആയുഷ് മന്ത്രാലയം കോവിഡിനെ പ്രതിരോധിക്കാനുള്ള പരീക്ഷണവുമായി മുന്നോട്ട് വന്നത് അഭിമാനാർഹമാണെന്ന് ഡോ. വി. സുകുമാരൻ ലേറ്റസ്റ്റിനോട് പറഞ്ഞു.

തിരുവനന്തപുരം ആയുർവ്വേദ കോളേജിൽ നിന്നുള്ള 1967 ബാച്ചിലെ ഭിഷഗ്വരനാണ് പൊള്ളക്കട ഡോക്ടർ എന്ന് ജനങ്ങൾ വിളിക്കുന്ന ഡോ. വി. സുകുമാരൻ. ഹെൽപ്പ് : 94462 97040

LatestDaily

Read Previous

സംവിധായകന്‍ ജിബിത് ജോര്‍ജ് അന്തരിച്ചു

Read Next

ജില്ലാ ആശുപത്രിക്ക് മന്ത്രിയുടെ ഒരുകോടി