ആംബുലൻസ് ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

കാഞ്ഞങ്ങാട്: കോടോം ബേളൂർ സ്വദേശിയായ കോവിഡ് ബാധിതനെ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്ന് ക്വാറന്റൈനിലായ ആംബുലൻസ് ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് ഇവർ ക്വാറന്റൈനിൽ നിന്ന് മോചിതരായി.

ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ കോടോം ബേളൂർ പഞ്ചായത്തിലെ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് രൈവർ, നഴ്സ് എന്നിവരാണ് ഓട്ടോ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റൈനിൽ പോകേണ്ടി വന്നത്. ഓട്ടോഡ്രൈവറെ ആംബുലൻസിൽ കയറ്റാൻ സഹായിച്ച കോടോംബേളൂർ സ്വദേശിക്കും ജില്ലാശുപത്രി താൽക്കാലിക ഡ്രൈവർക്കും ക്വാറന്റൈനിൽ പോകേണ്ടിവന്നിരുന്നു. മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്നാണ് ഇവരെ സ്വന്തം വീടുകളിലേക്കയച്ചത്.

പ്ലാവിൽ നിന്നും വീണ ഓട്ടോ ഡ്രൈവർക്ക് ശസ്ത്രക്രിയ വേണ്ടി വന്നതിനാലാണ് പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇദ്ദേഹം കോവിഡ് ബാധിതനാണെന്ന് കണ്ടെത്തി. ചക്ക പറിക്കുന്നതിനായി പ്ലാവിൽ കയറിയ ഓട്ടോ ഡ്രൈവറുടെ ചുമലിൽ ചക്ക വീണതിനെത്തുടർന്നാണ് ഇദ്ദേഹം താഴെ വീണത്. വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച ഓട്ടോഡ്രൈവർക്ക് ശസ്ത്രക്രിയ നടത്തിയാൽ അനിവാര്യമാണ്. കോവിഡ് പരിശോധനഫലം നെഗറ്റീവായാൽ മാത്രമേ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്താൻ പറ്റുകയുള്ളൂ. ഇദ്ദേഹത്തിന് കോവിഡ് ബാധയേറ്റത് എങ്ങിനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഓട്ടോ ഡ്രൈവറുമായി നേരിട്ട് വ്യക്തി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. മാസ്ക്ക്, കയ്യുറ, മുതലായവ ധരിച്ചിരുന്നതിനാലാണ് ആംബുലൻസ് ജീവനക്കാർക്ക് രോഗവ്യാപന ഭീഷണി ഇല്ലാതെയായത്. ജില്ലാശുപത്രിയിലെ 108 ആംബുലൻസിന്റെ ഡ്രൈവർ, ആംബുലൻസ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എന്നിവരടക്കം 3 പേരാണ് ഒരാഴ്ചത്തെ ക്വാറന്റൈനിന് ശേഷം പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് വീട്ടിലെത്തിയത്.

LatestDaily

Read Previous

ലൈംഗികാതിക്രമം ഗാർഗി മറച്ചുവെച്ചു

Read Next

പരീക്ഷയ്ക്ക് മുമ്പ് പരീക്ഷണം