ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഗോവയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകൾ അഞ്ജന കെ.ഹരീഷിന്റെ (21) മരണത്തിൽ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മിനിയുടെ അമ്മ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി. മകൾ മരിക്കുന്നതിനു തലേദിവസം വിളിച്ചിരുന്നുവെന്നും നാട്ടിലേക്കു മടങ്ങി വരുമെന്ന് അറിയിച്ചിരുന്നതായും അമ്മ പറയുന്നു. അഞ്ജനയെ 13 നാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയതായിരുന്നു. ഇവർ താമസിച്ച റിസോർട്ടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചുവെന്നാണ് ബന്ധുക്കൾക്കു ഗോവ പൊലീസ് നൽകിയ വിവരം. തലശ്ശേരി ബ്രണ്ണൻ കോളജിലെ വിദ്യാർഥിനിയായിരുന്നു.
4 മാസം മുൻപു മകളെ കാണാനില്ലെന്നു പറഞ്ഞ് അമ്മ മിനി ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഞ്ജനയെ പൊലീസ് പിടികൂടി വീട്ടുകാർക്കു കൈമാറി. മാർച്ച് ആദ്യവാരത്തിൽ കോളജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്നു പറഞ്ഞു അഞ്ജന പോയി. എന്നാൽ തിരിച്ചു വന്നില്ല.
തുടർന്ന് അമ്മ വീണ്ടും പരാതി നൽകി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീടു താമസിച്ചത്. വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ തന്നെ മാനസികമായും ശാരീരികമായും വീട്ടുകാർ ഉപദ്രവിക്കുകയാണെന്നാണ് അഞ്ജന മാർച്ച് 13 ന് ഫെയ്സ്ബുക്കിൽ ഇട്ട വിഡിയോ ലൈവിൽ പരാമർശിക്കുന്നത്. സ്വമേധയാ വീട്ടിൽ നിന്നു പോന്നതാണെന്നും താൻ ഇനി ജീവനോടെ ഉണ്ടാകുമോ എന്നു പോലും അറിയില്ലെന്നുമാണ് അഞ്ജന പറഞ്ഞിരിക്കുന്നത്.
അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു. യാത്രാ രേഖകളും പണമിടപാടുകളും പരിശോധിച്ചാൽ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താൻ കഴിയും. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും കെ.ഷൈനു ആവശ്യപ്പെട്ടു.